കുന്നംകുളം : നടൻ വി കെ ശ്രീരാമന്റെ ചെറുവത്താനിയിലെ വീട്ടിൽ സൗഹൃദ സന്ദർശനം നടത്തി മഹാനടൻ മമ്മൂട്ടി.. ഇന്ന് ഉച്ചയോടെയാണ് മമ്മൂട്ടിയും ഭാര്യ സുൽഫത്തും, നടൻ രമേശ് പിഷാരടിയും ഉൾപ്പെടെയുള്ളവർ വി കെ ശ്രീരാമന്റെ വീട്ടിൽ അതിഥികളായി എത്തിയത്. ഗുരുവായൂരിൽ ഒരു കല്യാണത്തിൽ പങ്കെടുക്കാൻ പോകവെയാണ് മമ്മൂട്ടി ഇവിടെ കയറിയത്.
സിനിമയിലുപരി ശ്രീരാമനുമായി ഏറെ സൗഹൃദം നിലനിർത്തുന്ന ഒരാളാണ് മമ്മുട്ടി.. വി കെ ശ്രീരാമൻ നേതൃത്വം നൽകുന്ന ഞാറ്റുവേല എന്ന വാട്സ്ആപ്പ് കൂട്ടായ്മയിൽ അംഗം കൂടിയാണ് ഇദ്ദേഹം.. ഈ കൂട്ടായ്മ ഇടയ്ക്കിടയ്ക്ക് പലയിടങ്ങളിലും കൂടുകയും ഇതിൽ മമ്മൂട്ടി സജീവ സാന്നിധ്യമായി പങ്കെടുക്കുകയും ചെയ്യാറുണ്ട്.
കഴിഞ്ഞ ദിവസം കുന്നംകുളത്ത് വച്ച് നടന്ന വി കെ ശ്രീരാമന്റെ മൂന്ന് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിൽ മമ്മൂട്ടി എത്തുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന് എത്താൻ അന്ന് കഴിഞ്ഞില്ല. ഇതുകൂടി കണക്കിലെടുത്താണ് ഈ വഴി പോകുമ്പോൾ മറക്കാതെ മമ്മൂട്ടി സൗഹൃദം പുതുക്കാൻ ചെറുവത്താനിയിലെ വീട്ടിലേക്ക് ഓടിയെത്തിയത്.
വർത്തമാനങ്ങൾക്കിടെ അടുക്കളയിലെത്തിയ അദ്ദേഹം അവിടെ തൂക്കിയ നിരവധി പഴക്കുലകളുടെ കാര്യം അന്വേഷിക്കുകയും കഴിക്കുകയും ചെയ്തു. വി കെ ശ്രീരാമന്റെ ഭാര്യ ഗീതേച്ചി പ്രത്യേകം ഉണ്ടാക്കിയ അപ്പവും ഇവർ കഴിച്ചു. ഏറെ നാളുകൾക്ക് ശേഷമുള്ള കൂട്ടിമുട്ടലും നിരവധി സൗഹൃദ സംഭാഷണങ്ങളുമായി ഏതാണ്ട് രണ്ടുമണിക്കൂറോളം വീട്ടിൽ ചെലവഴിച്ചാണ് മമ്മൂട്ടി ഇവിടെ നിന്നും മടങ്ങിയത്.
മമ്മൂട്ടിയുടെ സന്ദർശനത്തെ കുറിച്ച് രസകരമായ ഒരു കുറിപ്പും വി.കെ ശ്രീരാമൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
അദ്ദേഹത്തിന്റെ കുറിപ്പ് ഇപ്രകാരം:
ഗുരുവായൂരൊരു കല്യാണത്തിന് പോണ വഴി കയറി വന്നതാ രണ്ടാളും കൂടി .
വന്നതും അട്ക്കളയിൽ വന്ന് നമ്മടെ തീയ്യത്തിയെ വെരട്ടി.
"നിങ്ങളെന്താ ഇവന് തിന്നാൻ കൊടുക്കുന്നത്?"
" . ചോറും മീങ്കൂട്ടാനും പപ്പടം ചുട്ടതും... ചെലേപ്പൊ പയറുപ്പേരീം "
"പിന്നെ... ?😠 "
"പിന്നെ പ്രത്യേകിച്ചൊന്നൂല്ലാ"
"പിന്നെന്തിനാണ് ഇത്രയും പഴക്കുലകൾ? ഇവിടെ ആനയോ മറ്റോ ഉണ്ടോ? നിങ്ങൾ രണ്ടാളല്ലേ ഉള്ളൂ ഈ വീട്ടിൽ?"
"മൂപ്പരടെ പണിയാ, പറമ്പിലുള്ളത് പോരാഞ്ഞ് കുന്നംകുളത്തുള്ള പഴുന്നാൻ മാത്തൂൻ്റെ പീട്യേന്നും വേടിച്ചൊടന്ന് ഇബടെ ഞാത്തും."
"ആരാ ഈ പഴുന്നാൻ മാത്തു?"
ചോദ്യം എന്നോടായിരുന്നു.
"പഴുന്നാൻ മാത്തൂൻ്റെ അപ്പൻ പഴുന്നാൻ ഇയ്യാവു ആണ് BC 60 ൽ കുന്നങ്കൊളത്ത് ബനാനാറിപ്പബ്ലിക്ക് സ്ഥാപിച്ചത്."
"അപ്പോപ്പിന്നെ ഡെയ്ലി ഓരോ കുലവാങ്ങി ഞാത്തിക്കോ. ഇട്ടിക്കോരയുടെ ഒരു ഫോട്ടോ വെച്ച് മെഴുകുതിരിയും കത്തിച്ചോ "
അങ്ങനെ മല പോലെ വന്ന പ്രശ്നം
പെരുച്ചാഴിയെപ്പോലെ വെളിച്ചം കണ്ടമ്പരന്നു.
💒⛪
.