ഒരു നൂറ്റാണ്ടിൻ്റെ ഗൃഹാതുര സ്മരണകൾ പങ്കിടാൻ ചാത്തനൂർ ഗവ.എൽ.പി സ്കൂളിൽ ഒരുക്കം പൂർത്തിയായി. നവംബർ 9ന് ശനിയാഴ്ച രാവിലെ 9.30 മുതൽ രാത്രി 10 വരെ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികൾ ‘സ്മൃതിപഥ’ത്തിൽ അരങ്ങുണർത്തുമെന്ന് സംഘാടക സമിതി ഭാരവാഹികൾ കൂറ്റനാട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 9.30ന് രജിസ്ടേഷൻ തുടങ്ങും. 9.45ന് ലോങ്ങ് ബെൽ, ഫസ്റ്റ് ബെൽ, സെക്കൻ്റ് ബെൽ, പ്രാർത്ഥന എന്നിവയോടെ 10 മണിക്ക് സമാഗമാരംഭം നടക്കും. 11ന് ലഘു ഭക്ഷണവും 12.30ന് ഉച്ചഭക്ഷണവും ഉണ്ടാവും.ഉച്ചയ്ക്ക് 3.30ന് കറുകപുത്തൂരിൽ നിന്ന് ഘോഷയാത്ര തുടങ്ങും. പഞ്ചവാദ്യം, നാടൻ കലാരൂപങ്ങൾ തുടങ്ങിയവ ഘോഷയാത്രയിൽ അണിനിരക്കും.
5 മണിക്ക് ഘോഷയാത്ര സ്കൂളിൽ എത്തും. 5.30ന് സാംസ്കാരിക സമ്മേളനം തുടങ്ങും. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി പത്മവിഭൂഷൺ ഡോ.ഇ. ശ്രീധരൻ ഉദ്ഘാടനം നിർവഹിക്കും.
ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും സ്വാതന്ത്ര്യസമര സേനാനിയുമായ ഗോപാല പിഷാരടിയുടെ ഫോട്ടോ അനാഛാദനം ചെയ്യും. മൺമറഞ്ഞ 35 പൂർവ്വ അധ്യാപകരുടെ ഛായാചിത്രങ്ങൾ ഫോട്ടോഗാലറിയിൽ ഒരുക്കും. രാത്രി എട്ട് മണിക്ക് അത്താഴം, തുടർന്ന് കലാവിരുന്ന് എന്നിവയോടെ രാത്രി 10ന് സ്മൃതിപഥം സമാപിക്കും.
1906ൽ തിരുമിറ്റക്കോട് പഞ്ചായത്തിലെ മതുപ്പുള്ളി അത്താണിപ്പറമ്പിൽ മതുപ്പുള്ളി പിഷാരത്ത് ഗോവിന്ദ പിഷാരടിയുടെ നേതൃത്വത്തിൽ സ്ഥാപിതമായ എഴുത്തു പള്ളിക്കൂടമാണിത്. 1923ൽ ESLC സ്കൂളായി ഉയർത്തി. തുടർന്ന് ചാത്തനൂരിലെ പടിഞ്ഞാറെ മഠം സൗജന്യമായി നൽകിയ സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. 1948ൽ സർക്കാർ ഹൈസ്ക്കൂൾ സ്ഥാപിതമായെങ്കിലും 1961ൽ മാത്രമാണ് ഗവ.എൽ.പി സ്കൂൾ ആയി ഈ എലിമെൻ്ററി സ്കൂളിനെ വീണ്ടും ക്രമീകരിച്ചത്.
വിജയൻ ചാത്തനൂർ (രക്ഷാധികാരി), എം.വി വിജയൻ (പ്രസിഡണ്ട്), പി ആർ വിജയരാഘവൻ (സെക്രട്ടറി), ടി.പി പ്രിയ,ബിന്ദു കൃഷ്ണദാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.