"ഞങ്ങളും കൃഷിയിലേക്ക് " ; ജനകീയ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി ഒന്നിന് തൃത്താലയിൽ

 


കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് 'ഞങ്ങളും കൃഷിയിലേക്ക്' എന്ന ജനകീയ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഫെബ്രുവരി ഒന്നിന് തൃത്താലയിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ കൂറ്റനാട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

ഭക്ഷ്യസ്വയം പര്യാപ്തത, സുരക്ഷിത ഭക്ഷണം, മൂല്യ വർദ്ധിത കൃഷി പ്രോത്സാഹനം, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കൽ, യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, കൃഷിക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ ഉൽപാദന മൂല്യ വർധിത സേവന വിപണന മേഖലകളുടെ സമഗ്രമായ മൈക്രോ പ്ലാൻ തയ്യാറാക്കൽ എന്നിവയാണ് കൃഷി സമൃദ്ധി പദ്ധതി ലക്ഷ്യമിടുന്നത്. 

കൃഷിക്കൂട്ടങ്ങളെ ശാക്തീകരിച്ചുകൊണ്ട് കർഷക ഉത്പാദക സംഘങ്ങളുടെ നേതൃത്വത്തിൽ സമഗ്ര കാർഷിക വികസനം ലക്ഷ്യമാക്കി ആവിഷ്കരിച്ച പദ്ധതിയാണിത്. വിവിധ കാർഷിക പാരിസ്ഥിതിക മേഖലകൾക്കും യൂണിറ്റുകൾക്കും ഊന്നൽ കൊടുത്തുകൊണ്ട് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും വിഭവ സംയോജനത്തിലൂടെ കേരളത്തിലെ 14 ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത 107 പഞ്ചായത്തുകളിൽ ആണ് ആദ്യഘട്ടത്തിൽ കൃഷി പങ്കാളിത്ത പദ്ധതി നടപ്പാക്കുന്നത്. 

പാലക്കാട് ജില്ലയിൽ 11 പഞ്ചായത്തുകളെയാണ് കൃഷി സമൃദ്ധി പദ്ധതിയിലേക്ക് തെരഞ്ഞെടുത്തത്. തൃത്താല മണ്ഡലത്തിൽ തൃത്താല ഗ്രാമപഞ്ചായത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി ഒന്നിന് ശനിയാഴ്ച പകൽ 3.30ന് തൃത്താല വി.കെ കടവ് ലുസൈൽ പാലസിന് സമീപം സജ്ജമാക്കുന്ന ചടങ്ങിൽ നടക്കും. തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്ററി വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്  ഉദ്ഘാടനം നിർവഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ജയ, വൈസ് പ്രസിഡന്റ് കെ.പി ശ്രീനിവാസൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ.കൃഷ്ണകുമാർ, കൃഷി അസി.ഡയറക്ടർ കെ.മാരിയത്ത് കിബിതിയ എന്നിവർ അറിയിച്ചു.

Tags

Below Post Ad