തൃത്താല : ഭാരതപ്പുഴയോരത്ത് ആരവങ്ങൾഉയർത്തി തൃത്താല ദേശോത്സവം ആഘോഷിച്ചു. ഇരുപത്തിരണ്ട് ആഘോഷക്കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ദേശോത്സവത്തെ കേന്ദ്ര ആഘോഷക്കമ്മിറ്റി ഏകോപിപ്പിച്ചു. ദേശോത്സവത്തിലെ ഏറ്റവും തലപ്പൊക്കമുള്ള പരിപാടിയായ ഗജസംഗമം ഞായാഴ്‌ച രാവിലെ 9.30-ന് തൃത്താല സെൻ്ററിൽ നടന്നു. മുപ്പതോളം ആനകൾ അണിനിരന്നു. ബാൻഡ് മേളത്തിന് ചുവടുവെച്ച് അലങ്കാരവർണങ്ങൾ ഒരുക്കിക്കൊണ്ടായിരുന്നു പരിപാടി.
വൈകീട്ട് നാലിന് ഉപ കമ്മിറ്റികളുടെ നേതൃത്വത്തിൽ മേഴത്തൂരിൽനിന്നും തൃത്താലയിലേക്ക് ഗജഘോഷയാത്ര നടന്നു. ഡി.ജെ. സംഗീതവും വിവിധ കലാപരിപാടികളും ഘോഷയാത്രയിൽ അണിനിരന്നു. കർശനനിയന്ത്രണങ്ങൾ പാലിച്ചാണ് ദേശോത്സവത്തിൽ ആനകളെ അണിനിരത്തിയത്. ദേശോത്സവത്തോടനുബന്ധിച്ച് കഴിഞ്ഞദിവസങ്ങളിൽ വിവിധ വാണിഭങ്ങളും കാർണിവലും ഗാനമേളയും നടന്നിരുന്നു.