2023ലെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് അധ്യാപിക ബീന ആർ ചന്ദ്രന് നേടിക്കൊടുത്ത 'തടവ്' സിനിമ ഇന്ന് തിയേറ്ററിൽ.
ഐ.എഫ്.എഫ്.കെയിലും ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലുമൊക്കെ തിളങ്ങിയ സിനിമയാണിത്. പട്ടാമ്പിക്കാരനായ ഫാസിൽ റസാഖാണ് സംവിധായകൻ. ഐ.എഫ്.എഫ്.കെ 2023ൽ മികച്ച നവാഗത സംവിധായകനുള്ള രജത ചകോരവും പ്രേക്ഷക പ്രീതി നേടിയ സിനിമയ്ക്കുള്ള അവാർഡും 'തടവി'ന് ലഭിച്ചിരുന്നു. നാൽപ്പതിലേറെ പാലക്കാട്ടുകാർ അഭിനയിച്ച 'തടവ്' സിനിമ സംസ്ഥാനത്ത് 30 തിയേറ്ററുകളിലാണ് പ്രദർശിപ്പിക്കുക.
പ്രധാന കഥാപാത്രമായ അങ്കണവാടി അധ്യാപിക ഗീതയെയാണ് ബീന ആർ ചന്ദ്രൻ അവതരിപ്പിക്കുന്നത്. പരുതൂർ സ്വദേശികളായ ബീന ആർ ചന്ദ്രൻ, പി.പി സുബ്രഹ്മണ്യൻ, എം.എൻ അനിത എന്നിവരും വാപ്പു, ഇസ്ഹാക്ക് മുസാഫിർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നാൽപ്പതിലധികം പുതുമുഖങ്ങൾ അഭിനയിച്ച ഈ ചിത്രം പൂർണമായും ചിത്രീകരിച്ചത് പട്ടാമ്പിയുടെ ചുറ്റുവട്ടത്താണ്. ഛായാഗ്രഹണം എസ് മൃദുലും എഡിറ്റിങ് വിനായക് സുതനും ഓഡിയോഗ്രഫി ഹരികുമാർ മാധവൻ നായരും സംഗീതം വൈശാഖ് സോമനാഥുമാണ് നിർവഹിച്ചിരിക്കുന്നത്.