ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശം; അധ്യാപികയ്‌ക്കെതിരെ കേസ്

 


കുന്നംകുളം : ഓണം ഹിന്ദുമത വിശ്വാസികളുടെ ആഘോഷമാണ് എന്ന് രക്ഷിതാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ശബ്ദസന്ദേശം പങ്കുവച്ച അധ്യാപികയ്ക്കെതിരെ കേസ്. കുന്നംകുളം കടവല്ലൂർ സിറാജുൽ ഉലും ഇംഗ്ലീഷ് ഹൈസ്കൂളിലെ അധ്യാപിക ഖദീജയ്‌ക്കെതിരെ കുന്നംകുളം പൊലീസാണ് കേസ് എടുത്തത്. മതസ്‌പർധ വളർത്തൽ വകുപ്പുകളടക്കമാണ് അധ്യാപികയ്‌ക്കെതിരെ ചുമത്തിയത്.

ഓണാഘോഷം ഹിന്ദു മതവിശ്വാസികളുടെ ആണെന്നും അതില്‍ ഇസ്ലാം മതത്തിൽപ്പെട്ട കുട്ടികളെ പങ്കെടുപ്പിക്കരുതെന്നുമാണ് അധ്യാപിക പറഞ്ഞത്. അധ്യാപികയുടേത് വർഗീയ പരാമർശമാണെന്ന് കാട്ടി ഡിവൈഎഫ്ഐ കുന്നംകുളം പൊലീസിൽ പരാതി നൽകിയിരുന്നു

അധ്യാപിക പറഞ്ഞത് അവരുടെ അഭിപ്രായം മാത്രാമണെന്നും സ്‌കൂളിൻ്റെ നിലപാട് അല്ലെന്നും പ്രിൻസിപ്പൽ അറിയിച്ചു. അധ്യാപികയുടെ വർഗീയ പരാമർശത്തിൽ പ്രതിഷേധിച്ച് ഇന്ന് ഡിവൈഎഫ്ഐ സ്കൂളിലേക്ക് മാർച്ച് നടത്തും. കടവല്ലൂർ വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിക്കുന്നത്.

സംഭവം വിവാദമായതോടെ സ്കൂളിലെ ഓണാഘോഷം 28ാം തീയതി തന്നെ നടത്തുമെന്ന് സ്കൂൾ മാനേജ്മെൻ്റ് അറിയിച്ചു.


Tags

Below Post Ad