തൃത്താല: രണ്ടുതവണത്തെ മികച്ചവിജയം ആവർത്തിക്കാനൊരുങ്ങി എൽഡിഎഫും നഷ്ടപ്പെട്ടഭരണം പിടിച്ചെടുക്കാൻ യുഡിഎഫും തയ്യാറെടുത്തപ്പോൾ തൃത്താലബ്ലോക്കിൽ രാഷ്ട്രീയമത്സരം പൊടിപാറുകയാണ്. കഴിഞ്ഞതവണ 14 സീറ്റിൽ രണ്ടെണ്ണംമാത്രമാണ് യുഡിഎഫിന് നേടാനായത്.
മന്ത്രിമണ്ഡലത്തിൽപ്പെടുന്ന തൃത്താലയിൽ സർക്കാരിന്റെ ഭരണനേട്ടങ്ങളടക്കം വിഷയമാക്കിയാണ് എൽഡിഎഫ് പ്രചാരണം. കഴിഞ്ഞ പത്തുവർഷക്കാലം തൃത്താല ബ്ലോക്കിൽ വികസനമുരടിപ്പും അഴിമതിയുമാണ് ഉണ്ടായതെന്നാണ് യുഡിഎഫിന്റെ പ്രചാരണം.
വിഭജനത്തിനുശേഷം ഇക്കുറി 16 സീറ്റാണ് ബ്ലോക്ക്പഞ്ചായത്തിലുള്ളത്. നിലവിലെ വൈസ് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണിയടക്കമുള്ള നേതാക്കൾ എൽഡിഎഫ് പട്ടികയിലുണ്ട്. കഴിഞ്ഞതവണ വനിതാസംവരണമായിരുന്ന പ്രസിഡന്റ് സ്ഥാനം ഇക്കുറി ജനറലാണ്.
നാഗലശ്ശേരി, തിരുമിറ്റക്കോട്, തൃത്താല, ചാലിശ്ശേരി, പട്ടിത്തറ, ആനക്കര, കപ്പൂർ എന്നീ ഏഴ് പഞ്ചായത്തുകളാണുള്ളത്. ഇതിൽ ചാലിശ്ശേരി, പട്ടിത്തറ, ആനക്കര എന്നിവിടങ്ങളിൽ മാത്രമാണ് യുഡിഎഫിന് ഭരണമുള്ളത്.
കുമ്പിടി, കൂടല്ലൂർ, അങ്ങാടി, ആലൂർ, മേഴത്തൂർ, തൃത്താല, തിരുമിറ്റക്കോട്, കറുകപുത്തൂർ, നാഗലശ്ശേരി, കോതച്ചിറ, ചാലിശ്ശേരി, കവുക്കോട്, കപ്പൂർ, കുമരനല്ലൂർ എന്നീ ഡിവിഷനുകളാണ് നിലവിലുള്ളത്. ഇതിൽ ആലൂരും കൂടല്ലൂരും ഒഴികെ മറ്റെല്ലാം എൽഡിഎഫാണ് പ്രതിനിധാനംചെയ്യുന്നത്.
കഴിഞ്ഞതവണ ചുരുക്കം വോട്ടുകൾക്ക് നഷ്ടമായ ചാലിശ്ശേരിയടക്കമുള്ള വാർഡുകൾ കേന്ദ്രീകരിച്ച് ശക്തമായ പ്രചാരണമാണ് യുഡിഎഫ് നടത്തുന്നത്. തൃത്താല, മേഴത്തൂർ, തിരുമിറ്റക്കോട്, കറുകപുത്തൂർ തുടങ്ങിയ വാർഡുകളും പിടിച്ചെടുക്കാനാവുമെന്ന വിശ്വാസമാണ് യുഡിഎഫിനുള്ളത്.
നാഗലശ്ശേരി, തിരുമിറ്റക്കോട്, കപ്പൂർ, തൃത്താല തുടങ്ങി തങ്ങൾക്ക് സ്വാധീനമുള്ള വാർഡുകൾ കൈവിടില്ലെന്ന പ്രതീക്ഷയാണ് എൽഡിഎഫിനുള്ളത്.
ബിജെപിയും ഇക്കുറി ശക്തമായി രംഗത്തുണ്ട്. ബിജെപി പിടിക്കുന്ന അധികവോട്ടുകൾ ആരെ ബാധിക്കുമെന്ന ആശങ്ക ഇരുമുന്നണിക്കുമുണ്ട്.
