നാഗലശ്ശേരിയിൽ യു.ഡി.എഫ് . അംഗങ്ങളും പ്രവർത്തകരും പ്രതിഷേധ സമരം നടത്തി

 


കൂറ്റനാട്:ഭരണകക്ഷി അംഗങ്ങളേയും തത്പരകക്ഷികളേയും മാത്രം പങ്കെടുപ്പിച്ച് നാഗലശ്ശേരി പഞ്ചായത്ത് വർക്കിങ്ങ്ഗ്രൂപ്പ് യോഗം വിളിച്ചെന്നും, യു.ഡി. എഫ്. പഞ്ചായത്തംഗങ്ങളേയും മുൻ ജനപ്രതിനിധികളേയും,അറിയിച്ചില്ലെന്നും ആരോപിച്ച് യുഡിഎഫ് പ്രവർത്തകർ നാഗലശ്ശേരി പഞ്ചായത്ത് വർക്കിങ് ഗ്രൂപ്പ് യോഗം ബഹിഷ്കരിക്കുകയും ഇറങ്ങിപ്പോക്ക് നടത്തുകയും ചെയ്തു. 

പഞ്ചായത്തിൽ നടക്കേണ്ട വികസന കാര്യങ്ങളെക്കുറിച്ചാലോചിക്കുന്ന യോഗം ഒരു വിഭാഗം സി.പി. എമ്മുകാരുടെ ഗ്രൂപ്പ് യോഗമാക്കി മാറ്റിയെന്നും പഞ്ചായത്തംഗങ്ങളായ ടി.കെ.മുസ്തഫ, വി.എ.അനീഷ അക്ബർ , അഡ്വ.സി.പി. ഫർഹത്ത്, എന്നിവരുടെ നേതൃത്വത്തിൽ ഇറങ്ങിപ്പോക്കു നടത്തിയ ജനപ്രതിനിധികൾ പറഞ്ഞു. ഇറങ്ങിപ്പോക്കിന് ശേഷം നാഗലശ്ശേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഡി.സി.സി. സെക്രട്ടറി പി.മാധവദാസ് ഉദ്ഘാടനം ചെയ്തു. 

അഴിമതിക്കാര്യങ്ങൾ ചർച്ചയിൽ ഉയർത്തി കൊണ്ടുവരുമോ - എന്ന ഭയമാണ് നാഗലശ്ശേരിയിലെ സിപിഎം നേതാക്കളെ നയിക്കുന്നതെന്നും, വികസനകാര്യത്തിൽ രാഷ്ട്രീയം കാണിക്കുന്ന എൽഡി എഫ് നയം പഞ്ചായത്തിൽ ഇനിയും തുടരുകയാണെങ്കിൽ ശക്തമായ സമരപരിപാടികളുമായി യു.ഡി.എഫ് മുന്നോട്ട് വരുമെന്നും നാഗലശ്ശേരി പഞ്ചായത്ത് യുഡിഎഫ് നേതാക്കൾ അറിയിച്ചു. പാർട്ടിയുടെ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് മുരളി മൂത്താട്ട് അധ്യക്ഷനായി. 

ബ്ലോക്ക്കാേൺഗ്രസ്സ് ഭാരവാഹികളായ അസീസ് ആമക്കാവ്, രവി മാരാത്ത്, സെയ്താലി അത്താണിക്കൽ, ഇ.കെ.ആബിദ്, നൗഫൽ കോതച്ചിറ,ഇ.വി. അസീബ് റഹ്മാൻ, പ്രിയാ സുരേഷ്, ഐ.രാമചന്ദ്രൻ,ബാലൻ മoത്തിൽ എന്നിവർ സംസാരിച്ചു.

തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി, തദ്ദേശ വകുപ്പ് ജോയിൻ്റ് ഡയറക്ടർ,ജില്ലാ കലക്ടർ എന്നിവർക്ക് പരാതി നൽകിയതായും യു. ഡി.എഫ് നേതാക്കൾ പറഞ്ഞു.

അതേസമയം, യു.ഡി. എഫ് ആരോപണം പൂർണ്ണമായും തള്ളികളയുന്നതായും, നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വർക്കിങ് ഗ്രൂപ്പ് യോഗത്തിലേക്ക് പട്ടികയിലുള്ള മുഴുവൻ വർക്കിങ് ഗ്രൂപ്പ് അംഗങ്ങളേയും മുൻകൂട്ടിവിവരം അറിയിച്ചതായും നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.വി.നിഷ, വൈസ്പ്രസിഡൻ്റ് കെ.ടി. മോഹൻദാസ് എന്നിവർ പറഞ്ഞു.

Below Post Ad