തൃത്താലയിൽ അനധികൃത മണ്ണെടുപ്പ് വ്യാപകം: ലോറികളും മണ്ണുമാന്തി യന്ത്രങ്ങളും പോലീസ് പിടിച്ചെടുത്തു

 



തൃത്താല : മേഖലയിൽ വൻ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയർത്തുന്ന തരത്തിൽ അനധികൃത മണ്ണ് ഖനനം വ്യാപകമാവുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ അനധികൃത മണ്ണെടുപ്പിനിടെ 5 ടിപ്പർ ലോറികളും 3 ജെസിബികളുമാണ് തൃത്താല പോലീസ് പിടിച്ചെടുത്തത്. 

തൃത്താല പോലീസ് സ്റ്റേഷൻ പരിധിയിൽ ഉയർന്ന മേഖലകളിലുൾപ്പടെ നിരവധി ഇടങ്ങളിൽ കുന്നിടിക്കലും അനധികൃത മണ്ണ് ഖനനവും വ്യാപകമാണ്. ഇതിനെതിരെ തൃത്താല പോലീസ് ശക്തമായ നടപടികൾ ആണ്‌ സ്വീകരിക്കുന്നത്.

 ഇത്തരം സംഭവങ്ങളിൽ ശക്തമായ പരിശോധനകളും നടപടികളും സ്വീകരിക്കേണ്ട ജിയോളജി വകുപ്പ്, വില്ലേജ് , പഞ്ചായത്ത് എന്നിവയുടെ നിഷ്ക്രിയത്വം മണ്ണെടുപ്പ് വ്യാപകമാക്കാനിടവരുത്തതായി ആക്ഷേപം ഉയരുന്നുണ്ട്. ഇത്തരം ഇടങ്ങളിൽ പരിശോധന നടത്താൻ ഈ മൂന്ന് വകുപ്പുകളും മടി കാണിക്കുന്നതായും പരാതികൾ വ്യാപകമാണ്.

 അതേ സമയം തൃത്താല പോലീസ് ഇക്കാര്യത്തിൽ ശക്തമായ നടപടികൾ സ്വീകരിച്ച് വരുന്നുണ്ട്. കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയ ലോറികളും ജെ സി ബി കളും ജിയോളജി വകുപ്പിന് കൈമാറി. തൃത്താല സി ഐ പ്രതാപ്, എസ് ഐ ജഫിൻ രാജു, മറ്റ് പോലീസ് ഉദ്യോഗസ്ഥരായ ശരത് ശങ്കർ, ജയരാജ്, അരുൺ എന്നിവരുൾപ്പെട്ട സംഘമാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. അനധികൃത മണ്ണ് ഖനനത്തിനെതിരെ വരും ദിവസങ്ങളിലും നടപടികൾ ശക്തമായി തുടരുമെന്ന് തൃത്താല പോലീസ് അറിയിച്ചു

Below Post Ad