പട്ടാമ്പി | പട്ടാമ്പി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ടി.പി. ഷാജി പാണക്കാട്ടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായും, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തി.
മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി അനുഗ്രഹം തേടിയാണ് അദ്ദേഹം സന്ദർശനം നടത്തിയത്. മണ്ഡലത്തിലെ വികസന സാധ്യതകളെക്കുറിച്ചും വരാനിരിക്കുന്ന പ്രചാരണ പരിപാടികളെക്കുറിച്ചും മുന്നണിയുടെ സാധ്യതകളെക്കുറിച്ചും ഇരു നേതാക്കളുമായി അദ്ദേഹം വിശദമായ ചർച്ചകൾ നടത്തി.
സ്വജനപക്ഷപാതവും സമൂഹത്തിന്റെ നാനാ തുറകളിലും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതുമായ ഈ ഇടത് ദുർഭരണം അവസാനിപ്പിക്കാനായി ഇത്തവണ എല്ലാവരരും യുഡിഎഫിന് വോട്ട് ചെയ്യണമെന്നും സാമൂഹിക ക്ഷേമം മുൻനിർത്തിയുള്ള ഒരു സർക്കാർ കെട്ടിപ്പടുക്കാനായി ടിപി ഷാജിയെ വോട്ടുകൾ നൽകി വിജയിപ്പിക്കണമെന്നും സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. ഈ സർക്കാരിന്റെ പത്ത് വർഷത്തെ തെറ്റായ പ്രവർത്തനങ്ങൾ കൊണ്ട് ജനം പൊരുതി മുട്ടിയിരിക്കുകയാണ്. വരാനിരിക്കുന്ന യുഡിഎഫ് സർക്കാർ എല്ലാ ജനാവിഭാഗങ്ങളെയും ഒരുപോലെ പരിഗണിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
യു.ഡി.എഫ് പ്രവർത്തകർക്കിടയിൽ വലിയ ആവേശം പകരുന്നതാണ് ഈ സന്ദർശനമെന്നും, പൂർണ്ണ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ടി.പി. ഷാജി അറിയിച്ചു. മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിപ്പിച്ചു കൊണ്ട് മുന്നോട്ട് പോകാനുള്ള പ്രവർത്തനങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് പട്ടാമ്പി നിയോജകമണ്ഡലം ചെയർമാൻ കെ പി വാപ്പുട്ടി, കൺവീനർ ജിതേഷ് മോഴികുന്നം, ഐയുഎംഎൽ ജില്ലാ സെക്രട്ടറി സി എ സാജിദ് , ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി രാമദാസ് എന്നിവർ സന്നിഹിതരായി.
