വെങ്ങാട് കള്ളുഷാപ്പിൽ ഉടമയെ ആക്രമിച്ച് സ്വർണമാലയും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതികൾ പൊലീസ് പിടിയിൽ arrest

 


കൊളഞ്ഞൂർ  : വെങ്ങാട് കള്ള് ഷാപ്പിൽ പട്ടാപ്പകൽ കയറി ഷാപ്പുടമയെ ആക്രമിച്ച് എട്ട് പവന്റെ സ്വർണ്ണമാലയും മൊബൈൽ ഫോണും കവർന്ന കേസിൽ പ്രതികൾ പോലീസ് പിടിയിൽ

കുമ്പിടി കൂടല്ലൂർ സ്വദേശികളായ കാടംകുളത്തിൽ മുഹമ്മദ് മുസ്തഫ( 28 ) മണ്ടമ്മാക്കയിൽ ജിഷ്ണു രാജഗോപാൽ (31) പറക്കുളം സ്വദേശി മംഗലത്ത് വളപ്പിൽ ഫൈസൽ (41) തൊടുപുഴ കുമാരമംഗലം ഇടത്തിപ്പറമ്പിൽ അജ്മൽ (30) എന്നിവരെയാണ് കൊളത്തൂർ എസ്.എച്ച്.ഒ എം. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവിൽനിന്ന് പിടികൂടിയത്.

ഈ മാസം എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. പകൽ സ്‌കൂട്ടറിലെത്തിയ പ്രതികൾ ഷാപ്പിലിരുന്ന് ഭക്ഷണം കഴിച്ചശേഷം ഷാപ്പുടമ ദാമോദരന്റെ കഴുത്തിലുണ്ടായിരുന്ന എട്ടു പവന്റെ സ്വർണമാലയും മേശപ്പുറത്തിരുന്ന 10,000 രൂപ വിലവരുന്ന മൊബൈൽ ഫോണും തട്ടിയെടുത്ത ശേഷം കടന്നുകളയുകയായിരുന്നു. പിന്നീട് എറണാകുളം, മൂന്നാർ, തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിൽ കറങ്ങി ബംഗളൂരുവിലെത്തി ഒളിവിൽ കഴിയവെയാണ് പൊലീസ് സംഘം സാഹസികമായി ഇവരെ പിടികൂടിയത്.

30 കിലോമീറ്ററോളം ദൂരത്തിൽ സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികൾ രാസലഹരികളടക്കം ഉപയോഗിക്കുന്നവരും സ്ഥിരം ക്രിമിനലുകളുമാണെന്ന് പൊലീസ് പറഞ്ഞു. ഒന്നാം പ്രതി മുസ്‌തഫക്ക് കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മോഷണമടക്കം പത്തു കേസുകളുണ്ട്. രണ്ടാം പ്രതി അജ്മലിന് വധശ്രമവും മാല മോഷണവുമടക്കം ഒമ്പതു കേസുകളുണ്ട്.

അജ്മൽ രണ്ടു മാസത്തോളമായി തൊടുപുഴയിൽനിന്ന് കൂടല്ലൂരിലെത്തി മറ്റു പ്രതികളുടെ കൂടെയായിരുന്നു താമസം. മൂന്നാം പ്രതി ജിഷ്ണുവിന് രണ്ടു കേസുകളും നാലാം പ്രതി ഫൈസലിന് മണൽ കടത്തിയ ഒരു കേസുമുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 അന്വേഷണസംഘത്തിൽ എസ്.എച്ച്.ഒ എം. ബിജുവിനെ കൂടാതെ എ.എസ്.ഐ ജോർജ്, സി.പി.ഒമാരായ നജ്മുദ്ദീൻ, ദിനേശ്, നിസാർ എന്നിവരും ഉണ്ടായിരുന്നു.


Below Post Ad