എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
തൃത്താലയിലെ വോട്ടർമാർക്ക് നന്ദിയോടെ.
ജനവിധി അംഗീകരിക്കുന്നു. നിയുക്ത എം.എൽ.എ ശ്രീ വി ടി ബൽറാമിന് അഭിനന്ദനങ്ങളും ആശംസകളും. കഴിഞ്ഞ അഞ്ചുവർഷം വ്യത്യസ്തങ്ങളായ വികസന പദ്ധതികൾ തൃത്താലയിൽ പൂർത്തിയാക്കിയതോടൊപ്പം അനേകം പദ്ധതികൾ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. അവയുടെ പൂർത്തീകരണത്തിന് ക്രിയാത്മക പിന്തുണ വാഗ്ദാനം ചെയ്യുന്നു.
തെരഞ്ഞെടുപ്പ് ഫലം വന്ന് ഏതാനും ദിവസങ്ങളായിരിക്കുന്നു. അനാരോഗ്യം മൂലം വിശ്രമത്തിൽ ആയിരുന്നതിനാലാണ് ഈ പോസ്റ്റ് വൈകിയത്. എൽഡിഎഫിന് വോട്ട് രേഖപ്പെടുത്തിയത് 68041 പേരാണ്.എല്ലാവർക്കും ഹൃദയം തൊട്ട നന്ദി. നൂറുകണക്കിന് പ്രവർത്തകരാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ എൽഡിഎഫ് വിജയത്തിനായി കഠിനാധ്വാനം ചെയ്തിട്ടുള്ളത്. ആത്മാർത്ഥമായി അദ്ധ്വാനിച്ച എല്ലാവർക്കും ഹൃദയാഭിവാദ്യം.
അഞ്ചു വർഷം മുമ്പ് തൃത്താലയിലെ ജനങ്ങൾ തങ്ങളുടെ പ്രതിനിധിയായി എന്നെ തെരഞ്ഞെടുക്കുകയുണ്ടായി. തുടർന്ന് അഞ്ചുവർഷവും തൃത്താലയുടെ പുരോഗതിക്കായി അർപ്പണബോധത്തോടെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഓരോ നിമിഷവും ചിന്തിച്ചതും പ്രവർത്തിച്ചതും തൃത്താലയിൽ എന്തെല്ലാം പുതിയ പദ്ധതികൾ നടപ്പാക്കാമെന്നു മാത്രമായിരുന്നു.
സർക്കാർ പദ്ധതികളിൽ മാത്രം ഒതുങ്ങി നിൽക്കാതെ നൂതന മാർഗ്ഗങ്ങളും സ്രോതസ്സുകളും ഉപയോഗിച്ച് അനേകം തനതു പദ്ധതികളും തൃത്താലയിൽ നടപ്പാക്കുകയുണ്ടായി. തെരഞ്ഞെടുക്കപ്പെട്ടപ്പോഴുള്ള ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി മോശം അവസ്ഥയിൽ കിടന്നിരുന്ന റോഡുകളുടെ മുഴുവൻ നവീകരണമായിരുന്നു. ഇന്നിപ്പോൾ തൃത്താലയിലെ ഏതാണ്ട് എല്ലാ റോഡുകളും മികച്ചതായി കഴിഞ്ഞിരിക്കുന്നു. നിർമ്മാണം പുരോഗമിക്കുന്ന ചാലിശ്ശേരി -പട്ടാമ്പി റോഡും, കൂറ്റനാട് ജംഗ്ഷൻ നവീകരണവും പൂർത്തിയാകുമ്പോൾ നാടിന്റെ മുഖഛായ തന്നെ മാറും.കാങ്കപ്പുഴ പാലം ആനക്കരക്കാരുടെയും പരിസരപ്രദേശങ്ങളിലേയും ആളുകളുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റം പോലെ.സുശീലപ്പടി മേൽപ്പാലം ഉണ്ടാക്കാൻ പോകുന്ന മാറ്റം പോലെ.
തൃത്താലയിലെങ്ങും ഉയർന്നു നിൽക്കുന്ന രണ്ടു ഡസനോളം സ്കൂൾ കെട്ടിടങ്ങളും സ്വപ്നതുല്യമായ തൃത്താല ഗവ.ആശുപത്രി കെട്ടിടവും ഐടിഐ എന്ന ചിരകാല അഭിലാഷവും സഫലീകരിച്ചു. സ്വപ്നമായി പോലും ഇല്ലാതിരുന്ന നഴ്സിംഗ് കോളേജും നിർമ്മാണം നടക്കുന്ന ചാഞ്ചേരി പറമ്പ് ടൂറിസം പദ്ധതിയുമെല്ലാം കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് സാദ്ധ്യമാക്കിയതാണ്.
സുസ്ഥിര തൃത്താല, അൻപോടെ തൃത്താല, എൻലൈറ്റ് തൃത്താല എന്നിവ നൂതനാശയങ്ങളായിരുന്നു.സർക്കാർ ഫണ്ടിലല്ലാതെ ചെയ്തവ.ഇറ്റലിയിലെ റോമിൽ അന്താരാഷ്ട്ര കോൺഫറൻസിൽ അവതരിപ്പിക്കപ്പെട്ട, പിന്നീട് ജാർഖണ്ഡിലെ IAS ഉദ്യോഗസ്ഥർ മാതൃക പഠിക്കാൻ വേണ്ടി തൃത്താലയിൽ എത്തിയ പദ്ധതിയാണ് സുസ്ഥിര തൃത്താല. ചിറക്കുളം,മാങ്ങാട്ടുകുളം,കൊടിക്കുന്നു കുളം ഉൾപ്പെടെ നിരവധി ജലാശയങ്ങളും,നീർച്ചാലുകളുമെല്ലാം ഇതിലൂടെ നമുക്ക് വീണ്ടെടുക്കാൻ സാധിച്ചു. ഭൂഗർഭജലവിതാനം 82സെൻ്റീമീറ്റർ ഉയർത്താനായത് ഏറ്റവും സംതൃപ്തി നൽകിയ നേട്ടമാണ്.
അൻപോടെ തൃത്താലയിൽ കേരളത്തിലെ പ്രധാന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളെയും അണിനിരത്തിയുള്ള രണ്ട് മെഗാ മെഡിക്കൽ ക്യാമ്പുകളിലായി 15,000 ഗുണഭോക്താക്കളുണ്ടായി.
എൻലൈറ്റ് തൃത്താലയിൽ 130 വിദ്യാർത്ഥികൾക്ക് 30 ലക്ഷം രൂപ സ്കോളർഷിപ്പ് നൽകാനുമായി.
തൃത്താലയുടെ ഇതുവരെയുള്ള ചരിത്രത്തിൽ ഏറ്റവും വലിയ ആഘോഷമായി മാറിയ ദേശീയ സരസ്സ് മേള ആസ്വദിക്കാൻ ജനങ്ങൾക്ക് അവസരമൊരുക്കി എന്നതിലും അതിയായ സന്തോഷമുണ്ട്. ആ സന്തോഷ നിമിഷങ്ങൾ പെട്ടെന്നൊന്നും തൃത്താലക്കാർ മറക്കാനിടയില്ല.പട്ടയം,മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിൽ നിന്നും മറ്റുമുള്ള സഹായങ്ങൾ എന്നിവയും ആയിരക്കണക്കിനാളുകൾക്ക് നൽകുകയുണ്ടായി.
ഹൃദയം നിറഞ്ഞ ചാരിതാർത്ഥ്യത്തോടെയാണ് ജനവിധിയെ ആദരവോടെ മാനിച്ചുകൊണ്ട് ചുമതലയൊഴിയുന്നത്. ജയപരാജയങ്ങൾക്കപ്പുറം ,ആർക്കും തമസ്കരിക്കാനാവാത്ത വിധം തലയുയർത്തിത്തന്നെ നിൽക്കുന്ന വികസനത്തിന്റെ അടയാളങ്ങൾ തൃത്താലയുടനീളം സൃഷ്ടിക്കാൻ കഴിഞ്ഞത് ജനങ്ങൾ എക്കാലത്തും ഓർക്കുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. വസ്തുനിഷ്ഠയാഥാർത്ഥ്യങ്ങളും വൈകാരിക രാഷ്ട്രീയ പരിഗണനകളും നേർക്കു നേർ വരുമ്പോൾ തെരഞ്ഞെടുപ്പു ഫലങ്ങൾ അപ്രതീക്ഷിതമായേക്കാം.എങ്കിലും വസ്തുനിഷ്ഠ യാഥാർത്ഥ്യങ്ങൾ അവശേഷിക്കുക തന്നെ ചെയ്യും.കൂടുതൽ രാഷ്ട്രീയ വിശകലനം മറ്റൊരു സന്ദർഭത്തിലാവാം.
എല്ലാവരുടെയും ജനപ്രതിനിധിയായി,പ്രതിപക്ഷ ബഹുമാനത്തോടെ പ്രവർത്തിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. രാഷ്ട്രീയമായ വിമർശനങ്ങൾ ഉന്നയിക്കുമ്പോഴും എല്ലാവരോടും ആദരവു പുലർത്തിയിട്ടുണ്ട്. വിവേകമില്ലാത്ത വാക്കോ പ്രവൃത്തിയോ മൂലം തൃത്താലക്ക് തലകുനിക്കേണ്ടി വന്നിട്ടില്ല എന്നതിൽ എനിക്ക് ഏറെ അഭിമാനമുണ്ട്.
തെരഞ്ഞെടുപ്പു വിജയം എന്ന ഏക സാദ്ധ്യത മാത്രമല്ല ഒരു കമ്മ്യൂണിസ്റ്റുകാരനെ മുന്നോട്ടു നയിക്കുന്നത്.പരാജയം കമ്മ്യൂണിസ്റ്റുകാർക്ക് സമരോൽസുകമായ അവസരങ്ങൾ സൃഷ്ടിക്കുന്നു.കൂടുതൽ സമരോൻമുഖമായ രാഷ്ട്രീയ പ്രവർത്തനത്തനവുമായി ജനങ്ങൾക്കൊപ്പം തന്നെയുണ്ടാവും.
നന്ദി.
എംബി രാജേഷ്
