പട്ടാമ്പി: പട്ടാമ്പി നഗരസഭയും എക്‌സോസിയ പ്രോടെക് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച 'വിജയാരവവും കരിയർ ഗൈഡൻസും' പരിപാടി ഇവാനിയ ഗാർഡനിലെ എക്‌സോസിയ കാമ്പസിൽ വെച്ച് പ്രൗഢമായി നടന്നു. നഗരസഭാ പരിധിയിലെ LSS, USS, SSLC, Plus Two, അബാക്കസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ബഹു. പാലക്കാട് എം. പി വി. കെ. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയികൾക്കുള്ള മൊമെന്റോ വിതരണവും, റാങ്ക് ഹോൾഡേഴ്‌സിനുള്ള പ്രത്യേക പുരസ്കാര സമർപ്പണവും അദ്ദേഹം നിർവ്വഹിച്ചു. നഗരസഭാ അധ്യക്ഷൻ ടി. പി. ഷാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ അസ്ന ഹനീഫ സ്വാഗതം ആശംസിച്ചു. ചടങ്ങിന് ഡോ. അമൽ എസ് നന്ദി രേഖപ്പെടുത്തി.
വിദ്യഭ്യാസ രംഗത്ത് മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തെയും ഉന്നത വിജയത്തെയും വി. കെ. ശ്രീകണ്ഠൻ എം. പി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അഭിനന്ദിച്ചു. വരുംതലമുറയെ മികച്ച കരിയർ തിരഞ്ഞെടുക്കാൻ പ്രാപ്തരാക്കുന്ന ഇത്തരം പരിപാടികൾ മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികളുടെ കഴിവുകളെ തിരിച്ചറിഞ്ഞ് അവരെ ശരിയായ ദിശയിലേക്ക് നയിക്കാൻ രക്ഷിതാക്കളും സമൂഹവും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"വിദ്യാർത്ഥികളുടെ ഉന്നത വിജയം പട്ടാമ്പിയുടെ അഭിമാനമാണ്. വെറുമൊരു അനുമോദന ചടങ്ങിൽ ഒതുക്കാതെ, കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള കൃത്യമായ കരിയർ മാർഗ്ഗനിർദ്ദേശം കൂടി നൽകുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ ഈ പരിപാടിക്ക് മുൻകൈ എടുത്തത്. വരും വർഷങ്ങളിലും പട്ടാമ്പിയുടെ വിദ്യാഭ്യാസ പുരോഗതിക്കായി നഗരസഭ പൂർണ്ണ പിന്തുണയോടെ മുന്നിലുണ്ടാകും," എന്ന് അധ്യക്ഷപ്രസംഗത്തിൽ നഗരസഭാ ചെയർമാൻ ടി. പി. ഷാജി വ്യക്തമാക്കി. മികച്ച വിജയം നേടിയ കുട്ടികൾക്ക് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ഈ ആദരവ് വലിയൊരു പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ നഗരസഭാ സ്ഥിരം സമിതി അംഗങ്ങൾ, നഗരസഭാ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു സംസാരിക്കുകയും വിജയികൾക്ക് ആശംസകൾ നേർന്നു ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു.
അനുമോദന ചടങ്ങിന് ശേഷം വിദ്യാർത്ഥികൾക്കായി പ്രമുഖ എഡ്യൂക്കേഷൻ കൺസൾട്ടന്റ് സുൽഫിക്കർ അലി, ഇന്റർനാഷണൽ കരിയർ കോച്ച് ഡോ. മൻസൂർ അലി എന്നിവർ നയിച്ച കരിയർ ഗൈഡൻസ് ക്ലാസുകളും നടന്നു. പുതിയ കാലത്തെ തൊഴിൽ സാധ്യതകളെക്കുറിച്ചും ഉന്നത പഠനവഴികളെക്കുറിച്ചും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകാൻ ഈ സെഷനിലൂടെ സാധിച്ചു. വൻ ജനപങ്കാളിത്തത്തോടെയാണ് പരിപാടി സമാപിച്ചത്.

