കാസർകോട് സ്വദേശിയായ 25കാരി പി. അനുശ്രീ ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരൻ കണ്ണൂർ അമ്പലത്തട്ട് സ്വദേശി വി. അമലിനെയും എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
കർണാടക ഹുൻസൂർ എസ്‌ബിഐ ബ്രാഞ്ചിലെ ജീവനക്കാരിയായിരുന്നു അനുശ്രീ. എറണാകുളത്ത് ജോലി ചെയ്തിരുന്ന അമലും അനുശ്രീയും ഏറെ നാളായി സുഹൃത്തുക്കളായിരുന്നു. ഡിസംബർ 26ന് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നു.
ഇന്നലെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നുവെന്നാണ് സൂചന. തുടർന്ന് അനുശ്രീ അമലിനെ വീഡിയോ കോൾ ചെയ്ത ശേഷമാണ് ജീവനൊടുക്കിയതെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് അമലിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പ്രതിസന്ധി നേരിടുന്നവർ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.)
