പൊന്നാനി:ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരി സംഘങ്ങളെ ലക്ഷ്യമിട്ട് പൊന്നാനി പൊലീസ് നടത്തിയ ശക്തമായ നിരീക്ഷണത്തിൽ 3 ഗ്രാം എംഡിഎംഎയുമായി ഓട്ടോ ഡ്രൈവർ പിടിയിൽ.പൊന്നാനി സ്വദേശി പുളിക്കവീട്ടിൽ അൻസാർ അലി (32) ആണ് അറസ്റ്റിലായത്.
പൊന്നാനി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.ഐ. എം.വി.ജിഷ്ണുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് ആവശ്യക്കാർക്ക് എംഡിഎംഎ വിതരണം ചെയ്യുന്നയാളെക്കുറിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ചെറിയ അളവിൽ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു.ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അൻസാർ അലി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈവശം 3 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.ലഹരി തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസ്,പാക്ക് ചെയ്യുന്നതിനുള്ള പ്ലാസ്റ്റിക് സിപ്പ് ലോക്ക് കവറുകൾ, എംഡിഎംഎ വിൽപ്പനയിലൂടെ ലഭിച്ച ആറായിരത്തി അഞ്ഞൂറ് രൂപ എന്നിവയും പൊലീസ് പിടിച്ചെടുത്തു.
തിരൂർ ഡീ വൈ എസ് പി സിദ്ദിഖിന്റെ നിർദ്ദേശത്തെ തുടർന്ന് പൊന്നാനി സർക്കിൾ ഇൻസ്പെക്ടർ അനീഷിന്റെ നേതൃത്വത്തില് എസ്. ഐ, എം. വി ജിഷ്ണു, കെ. മഹേഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സനീഷ്,പ്രശാന്ത്കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീരാജ്, ഹരിപ്രസാദ്, ജോഷില, തിരൂർ ഡാൻസഫ് എ.എസ്.ഐ. രാജേഷ്,എസ് .സി.പി.ഒ ഉദയകുമാർ,സി.പി.ഒ ശ്രീഷ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.പൊലീസ് നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊന്നാനി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
