ബംഗളൂരുവിൽ തിരുവേഗപ്പുറ ചെമ്പ്ര സ്വദേശി കിരൺ കൊല്ലപ്പെട്ടത് പെൺസുഹൃത്തിന്റെ പിതാവിന്റെ മർദ്ദനമേറ്റ്

 


ബംഗളൂരു: ബംഗളൂരുവിൽ യുവാവിനെ പെൺസുഹൃത്തിന്റെ പിതാവ് മർദിച്ചു കൊലപ്പെടുത്തി. തിരുവേഗപ്പുറ ചെമ്പ്ര സ്വദേശി കിരൺ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യെലഹങ്ക സ്വദേശി ആനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു. മകളെ കിരണിനൊപ്പം കണ്ടതിലുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് ആനന്ദ് പോലീസിന് മൊഴി നൽകിയതായി അധികൃതർ അറിയിച്ചു


കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം നടന്നത്. സ്വീറ്റ് കോൺ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ നിർമിക്കുന്ന കമ്പനിയുടെ ഉടമയാണ് അറസ്റ്റിലായ ആനന്ദ്. ഈ കമ്പനിയിൽ കഴിഞ്ഞ രണ്ട് വർഷമായി കിരൺ ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെ ആനന്ദിന്റെ 19-കാരിയായ മകളുമായി കിരൺ പ്രണയത്തിലായി. മൈസൂരുവിൽ പഠിക്കുന്ന പെൺകുട്ടി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അവധിക്ക് വീട്ടിലെത്തിയത്.


സംഭവദിവസം രാവിലെ ആനന്ദും ഭാര്യയും തമിഴ്‌നാട്ടിലേക്ക് പോയതറിഞ്ഞ് കിരൺ പെൺകുട്ടിയെ കാണാനായി വീട്ടിലെത്തി. എന്നാൽ, യാത്രാമധ്യേ അപ്രതീക്ഷിതമായി തിരിച്ചെത്തിയ ആനന്ദ് ഇരുവരെയും വീട്ടിൽ ഒരുമിച്ച് കണ്ടതോടെ കടുത്ത പ്രകോപിതനാവുകയായിരുന്നു. തുടർന്ന് മകളെ ബന്ധുവീട്ടിലേക്ക് മാറ്റിയ ആനന്ദ്, ക്രിക്കറ്റ് ബാറ്റും പൈപ്പും ഉപയോഗിച്ച് കിരണിനെ ക്രൂരമായി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ് അടിവയറ്റിൽ ചവിട്ടേറ്റതിനെ തുടർന്ന് കുഴഞ്ഞുവീണ കിരണിനെ ആനന്ദ് തന്നെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുമ്പോഴേക്കും കിരൺ മരണപ്പെട്ടിരുന്നു.


ബംഗളൂരുവിലെ പച്ചക്കറിക്കടയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന സഹോദരനൊപ്പമാണ് കിരൺ താമസിച്ചിരുന്നത്. നിലവിൽ കിരണിന്റെ മൃതദേഹം ബംഗളൂരുവിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരുന്നു 

Below Post Ad