ഇന്ധനവില കുറച്ച് നയാര എനർജി, കുറയ്ക്കാതെ പൊതുമേഖലാ എണ്ണ കമ്പനികൾ

 




ദില്ലി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണ വിതരണ കമ്പനിയായ നയാര എനർജി പെട്രോൾ, ഡീസൽ വില കുറച്ചു. കമ്പനിയുടെ കീഴിലുള്ള പമ്പുകളിൽ പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് കുറച്ചത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവുണ്ടായതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണ വില ഇടിഞ്ഞ സാഹചര്യത്തിലാണ് വില കുറച്ചത്. രണ്ട് വർഷത്തിനിടെ ആദ്യമായാണ് ഒരു കമ്പനി റീട്ടെയ്ൽ ഇന്ധനവില കുറയ്ക്കുന്നത്.


രാജ്യത്താകെയുള്ള നയാരയുടെ ഏഴായിരത്തിലധികം പെട്രോൾ പമ്പുകളിൽ പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു. എന്നാൽ ഓരോ സംസ്ഥാനത്തെയും പ്രാദേശിക നികുതികളും മൂല്യവർദ്ധിത നികുതിയും വ്യത്യാസമുള്ളതിനാൽ പമ്പുകളിലെ വിലയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കാം. അതേസമയം പൊതുമേഖലാ എണ്ണക്കമ്പനികൾ ഇന്ധന വിലയിൽ നിലവിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. രാജ്യത്തെ ഒരു ലക്ഷത്തിലധികം വരുന്ന പെട്രോൾ പമ്പുകളുടെ 90 ശതമാനത്തിലധികവും നിയന്ത്രിക്കുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ വില കുറയ്ക്കാൻ തയ്യാറായിട്ടില്ല.



Tags

Below Post Ad