ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം തട്ടിയ കേസിൽ ദമ്പതികൾ പൊന്നാനിയിൽ അറസ്റ്റിൽ


 

 

പൊന്നാനി : പുതിയ കാവിൽ 'SR ഗോൾഡ്' എന്ന പേരിൽ ജ്വല്ലറി തുടങ്ങാം എന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. പാപ്പിനിവട്ടം ചിറ്റൂർക്കാട്ടിൽ വീട്ടിൽ സുധീർ, ഭാര്യ സുബൈദ എന്നിവരെയാണ് പൊന്നാനിയിൽ നിന്നും മതിലകം പോലീസ് അറസ്റ്റ് ചെയ്തത്.


 മൂന്ന് കോടി രൂപ നിക്ഷേപിച്ചാൽ ജ്വല്ലറിയിൽ പാർട്ട്ണറാക്കാം എന്ന് വാഗ്ദാനം ചെയ്ത് പാലക്കാട് കുഴൽമന്ദം സ്വദേശിയിൽ നിന്നാണ് ഇവർ പണം തട്ടിയത്. 2025 ജൂൺ മാസത്തിന് ശേഷം പല തവണകളായി പരാതിക്കാരന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും പ്രതികളുടെ അക്കൗണ്ടിലേക്ക് 56 ലക്ഷം രൂപ ഓൺലൈനായി ട്രാൻസ്ഫർ ചെയ്യിക്കുകയും, 31 ലക്ഷം രൂപ നേരിട്ട് പണമായി വാങ്ങിയുമാണ് തട്ടിപ്പ് നടത്തിയത്.


 പരാതിക്കാരൻ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്ന് മതിലകം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.


 മതിലകം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ രജീഷ് എസ്, എസ് ഐ നെസിയ എം സാഹിബ്, ജി എസ് സി പി ഒ മാരായ പ്രബിൻ, ഷനിൽ, ഷിജീഷ്, സി പി ഒ ദിവ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


Below Post Ad