ട്രെയിൻ യാത്രയ്ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം. രാജസ്ഥാൻ സ്വദേശിയെ അറസ്റ്റിൽ

 



ഷൊർണൂർ: ട്രെയിൻ യാത്രയ്ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ രാജസ്ഥാൻ സ്വദേശിയെ ഷൊർണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ കരൗളി സ്വദേശിയായ സതീഷ് കുമാർ മീണയാണ് അറസ്റ്റിലായത്. 

തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ ഷൊർണൂർ ജംഗ്ഷനിൽ എത്തിയ മഡ്ഗാവ് - എറണാകുളം എക്സ്പ്രസ് ട്രെയിനിൽ വച്ചായിരുന്നു അതിക്രമം.

കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു പരാതിക്കാരിയായ യുവതി. യുവതിയുടെ തൊട്ടടുത്തിരുന്ന സതീഷ് കുമാർ മീണ ട്രെയിൻ പട്ടാമ്പി സ്റ്റേഷനിൽ എത്തിയപ്പോൾ അതിക്രമം നടത്തുകയായിരുന്നു.

ഈ സമയം എതിർവശത്തെ സീറ്റിലിരുന്ന സഹയാത്രക്കാരൻ തന്റെ മൊബൈൽ ഫോണിൽ അതിക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തി.

ട്രൈനിൽ വെച്ച് തന്നെ യുവതി റെയിൽവേ പൊലീസിനെ വിവരമറിയിക്കുകയും, സഹയാത്രക്കാരൻ നൽകിയ വീഡിയോ ദൃശ്യങ്ങൾ പൊലീസിന് കൈമാറുകയും ചെയ്തു. ട്രെയിൻ ഷൊർണൂർ സ്റ്റേഷനിൽ എത്തിയ ഉടൻ തന്നെ ഷൊർണൂർ റെയിൽവേ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 സതീഷ് കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



Below Post Ad