ചാലിശ്ശേരിയിൽ മൂന്നാമത് അഖിലകേരള ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന് ഞായറാഴ്ച തുടക്കമാകും. Knews.


 ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് മൂന്നാമത് അഖിലകേരള ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന് ഞായറാഴ്ച തുടക്കമാകും.


 ചാലിശ്ശേരി ജി.സി.സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായ മുക്കിലിപ്പീടിക മഹാത്മ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.


ടൂർണമെന്റിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ കൂറ്റനാട് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്നുള്ള സന്തോഷ് ട്രോഫി താരങ്ങളും വിദേശ താരങ്ങളും ഉൾപ്പെടെ കേരളത്തിലെ പ്രമുഖരായ 16 ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും. നവംബർ 29 ഞായറാഴ്ച രാത്രി എട്ടിന് തൃത്താല എം.എൽ.എ വി.ടി. ബൽറാം ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി, ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി എന്നിവർ മുഖ്യാതിഥികളാകും. ഉദ്ഘാടന മത്സരത്തിൽ ലാസ്മോസ് ചങ്ങരംകുളവും MFA മതപ്പുള്ളിയും ഏറ്റുമുട്ടും.


പുലിക്കോട്ടിൽ കുഞ്ഞൻ സ്മാരക വിന്നേഴ്സ് ട്രോഫിക്കും വിസ്റ്റ ഗ്രൂപ്പ് ഓഫ് കമ്പനീസ് യു.എ.ഇ നൽകുന്ന റണ്ണേഴ്സ് ട്രോഫിക്കും യു.എ.ഇ ജി.സി.സി പ്രവാസി കമ്മിറ്റി നൽകുന്ന വിന്നേഴ്സ് പ്രൈസിനും സിത്താര ജ്വല്ലേഴ്സ് എറണാകുളം നൽകുന്ന റണ്ണേഴ്സ് പ്രൈസ് മണിക്കും വേണ്ടിയാണ് ടീമുകൾ പോരാട്ടത്തിനിറങ്ങുന്നത്. പ്രവേശനം പാസ് മുഖേനയായിരിക്കും.


ചാലിശ്ശേരിയുടെ കായികചരിത്രത്തിൽ 44 വർഷത്തെ പാരമ്പര്യമുള്ളതും ഓൾ ഇന്ത്യ ഫുട്ബോൾ അസോസിയേഷനിൽ ഉൾപ്പെട്ടതുമായ ജി.സി.സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് കായിക-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമാണ്. നാടിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്ന മഹാത്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ പങ്കാളിത്തം ടൂർണമെന്റിന് കൂടുതൽ സാമൂഹിക പ്രസക്തി നൽകുന്നു. കായികവും കാരുണ്യവും കൈകോർക്കുന്ന ഈ കൂട്ടായ്മ നാടിന്റെ ഐക്യത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും മികച്ച മാതൃക കൂടിയാണ്.


ടൂർണമെന്റിന്റെ വിജയത്തിനായി ഗ്രാമത്തിലെ ആദ്യകാല കായികപ്രേമികൾ, യുവതലമുറ, സ്കൂൾ പി.ടി.എ, വിദ്യാർത്ഥികൾ, നാട്ടുകാർ തുടങ്ങി എല്ലാവരും കൈകോർത്തിട്ടുണ്ട്. ഫുട്ബോളിന്റെ ആവേശവും സൗഹൃദവും ഒത്തൊരുമയും ഒരേ മൈതാനത്ത് സംഗമിക്കുന്ന ടൂർണമെന്റ് നാടിന്റെ കൂട്ടായ്മയുടെ വലിയ ആഘോഷമായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.


വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ സുരേഷ് ബാബു, കൺവീനർ ഷാജഹാൻ നാലകത്ത്, ട്രഷറർ ജിജു ജേക്കബ്, കോ-ഓർഡിനേറ്റർ എ.എം ഇക്ബാൽ എന്നിവർ പങ്കെടുത്തു.

Below Post Ad