സമൂഹ മാധ്യമങ്ങളിലാകെ വൈറലാണ് എം.ബി.രാജേഷിന്റെ ബാറ്റിങ്. തൃത്താലയിൽ പ്രീമിയർ ലീഗ് ഉദ്ഘാടനത്തിനായിരുന്നു സ്പീക്കറുടെ മിന്നും ബാറ്റിങ്. ബാറ്റിങിനെ ശ്രദ്ധേയമാക്കിയത് അതിനൊപ്പമുണ്ടായ കമന്ററി കൂടിയാണ്. പ്രൊഫഷണൽ മൽസരങ്ങളിലേതിന് സമാനമായ ആ ഇംഗ്ലീഷ് കമന്ററിയെ കുറിച്ച് അത് നടത്തി വൈറലായ വൈറലായ അബ്ദു ഷരീഫ് പറയുന്നു:...
വൈറലായ ഇംഗ്ലീഷ്
വൈറലായ ഇംഗ്ലീഷ്തൃത്താല പ്രീമിയർ ലീഗ് ഏതൊരു പരിപാടിയും പോലെ സാധാരണ രീതിയിലാണ് ഉദ്ഘാടനം ചെയ്യാൻ വിചാരിച്ചിരുന്നത്. എന്നാൽ സ്പീക്കർ നടന്ന് വരുന്നത് കണ്ടപ്പോൾ പെട്ടെന്ന് അദ്ദേഹം ബാറ്റ് ചെയ്തു കൊണ്ടുള്ള ഉദ്ഘാടനമായാൽ നന്നാവുമെന്ന് തോന്നി. പൊരിവെയിലായതിനാൽ കളിക്കാരുൾപ്പെടെ ഗ്രൗണ്ടിൽ തണൽ പറ്റി മാറിയിരിക്കുകയായിരുന്നു. ഐഡിയ പറഞ്ഞതോടെ സംഘാടകർ റെഡി. കളിക്കാരും വേഗം ജഴ്സിയിട്ട് ഗ്രൗണ്ടിൽ. പിന്നെ നേരെ ബാറ്റ് രാജേഷ് സാറിന്റെ കയ്യിൽ കൊടുത്തു. മുണ്ട് മടക്കി കുത്തി സാർ കളത്തിലിറങ്ങി. 'ഞാനടിച്ചാൽ മേലിൽ കൊള്ളു'മെന്നൊരു ഡയലോഗും. ബാക്കി വൈറലാണ്.
കളിയിൽ രാഷ്ട്രീയമില്ല, കമന്ററിയിലും
ഉദ്ഘാടനം കഴിഞ്ഞയുടനെ തന്നെ രാജേഷ് സർ വിഡിയോ ചോദിച്ചതോടെ ആകെ എക്സൈറ്റഡായി. പെട്ടെന്ന് ചെറിയ എഡിറ്റിങ് നടത്തി അദ്ദേഹത്തിന് കൈമാറുകയായിരുന്നു. ലൈവായി ചെയ്ത കമന്ററിയാണത്. വിഡിയോ വൈറലായതിന് പിന്നാലെ രാജേഷ് സാറിന്റെ പി.എ വിളിച്ചിരുന്നു. കുറേ സുഹൃത്തുക്കൾ വിളിച്ചു അഭിനന്ദിച്ചു. രാഷ്ട്രീയത്തിൽ അത്ര ആക്ടീവല്ലാത്ത ആളാണ് ഞാൻ. രാജേഷ് സാറിന്റെ വിഡിയോ രാഷ്ട്രീയത്തിനപ്പുറമായി അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ട് കൂടി ചെയ്തതാണ്. ശ്രദ്ധിക്കപ്പെട്ടതിൽ വലിയ സന്തോഷമുണ്ട്.
ആവേശം നിറയും കമന്ററി
ക്രിക്കറ്റിനോടുള്ള ഇഷ്ടമാണ് കമന്ററിക്ക് പിന്നിൽ. പിന്നെ ഞാനൊരു ഇംഗ്ലിഷ് ഭാഷാ പരിശീലകനാണ്. കോവിഡ് കാലത്ത് ഇംഗ്ലിഷ് ക്ലാസുകൾ കുറഞ്ഞതോടെ ക്രിക്കറ്റിലേക്ക് കൂടുതലായി ശ്രദ്ധിച്ചു. കുട്ടിയായിട്ടും ബാറ്റുമെടുത്ത് കളിക്കാൻ പോകുന്നുവെന്ന് വീട്ടുകാർ പരാതി പറയാൻ തുടങ്ങിയതോടെ അവരെ ബോധ്യപ്പെടുത്താൻ കമന്ററിയും വിഡിയോയും ചെയ്ത് തുടങ്ങിയതാണ്. മൂന്ന് നാല് വിഡിയോ മില്യണിലേറെ ആളുകൾ കണ്ടു. ഇതോടെ വരുമാനം ലഭിച്ച് തുടങ്ങി. ഇപ്പോൾ ആഴ്ചയിൽ മൂന്ന് ദിവസം ഇംഗ്ലിഷ് ക്ലാസും നാല് ദിവസം ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് ചെയ്യുന്നത്.
പത്താംക്ലാസിൽ തോറ്റയാളാണ് ഞാൻ. പിന്നീട് പഠിച്ചെടുത്തു. ഇംഗ്ലീഷ് ഭാഷയോട് തോന്നിയ ഭ്രമമാണ് ഇന്ന് എല്ലാവരും അഭിനന്ദിക്കുന്ന നിലയിലേക്ക് എത്തിച്ചത്. ലോകത്തെല്ലാം സഞ്ചരിക്കുക എന്നത് എന്റെ വലിയ സ്വപ്നമായിരുന്നു. ഇംഗ്ലീഷ് പഠിക്കുകയെന്നത് അതിന് വേണ്ടി കണ്ടെത്തിയ മാർഗമാണ്. മാലിദ്വീപിലൊക്കെ ജോലിക്ക് ശ്രമിച്ചു. പക്ഷേ കിട്ടിയില്ല. നിരാശപ്പെടാതെ വീണ്ടും ശ്രമിച്ചു. എതോപ്യയിൽ 2013-14 ൽ ജോലി കിട്ടി. 2015 ൽ ഡിസ്നി ഇംഗ്ലിഷില്‍ ജോലിയായി. അവിടെ ജോലി ചെയ്ത ഏക മലയാളി കൂടിയാണ് ഞാൻ. അതിന്റെ സന്തോഷമെനിക്കുണ്ട്. ചൈനീസ് വിദ്യാർഥികളെ കളികളിലൂടെയും കാർട്ടൂണുകളിലൂടെയും ഇംഗ്ലീഷ് പഠിപ്പിക്കുകയാണ് ഞാൻ ചെയ്തത്. ഇപ്പോൾ യാത്രയും അധ്യാപനവും കൂടി ബന്ധിപ്പിച്ച് ട്രാവൽടീച്ചിങ് എന്ന സ്ഥാപനം നടത്തുകയാണ്.