പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വീണ്ടും മകളെ പീഡനത്തിന് ഇരയാക്കിയ പിതാവ് അറസ്റ്റില്‍. പട്ടാമ്പിയില്‍ വാടകക്ക് താമസിക്കുന്ന തൃശൂര്‍ പുന്നയൂർക്കുളം സ്വദേശിയായ നാല്‍പ്പതുകാരനെയാണ് കുന്നംകുളം ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് പൊലീസ് പിടികൂടിയത്.
2016ലാണ് മകളെ പീഡിപ്പിച്ച കേസില്‍ ഇയാള്‍ പിടിയിലാവുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ജാമ്യത്തില്‍ ഇറങ്ങിയ പ്രതി കഴിഞ്ഞ ഓഗസ്റ്റില്‍ വീട്ടില്‍ ആളില്ലാത്ത സമയത്ത് വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
തുടർന്ന് ബന്ധുക്കൾ ചൈൽഡ് ലൈൻ അധികൃതർക്ക് പരാതി നൽകി. ചൈൽഡ് ലൈൻ അധികൃതർ പരാതി പട്ടാമ്പി പൊലീസിന് കൈമാറി. സംഭവത്തിന് ശേഷം തമിഴ്നാട്ടിലും കേരളത്തിലുമായി ഒളിവിലായിരുന്ന പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്നംകുളം ബസ്സ് സ്റ്റാൻഡ് പരിസരത്ത് വെച്ച് പട്ടാമ്പി പോലീസ് പിടികൂടുകയായിരുന്നു.