കാങ്കക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് : അപ്രോച്ച് റോഡിന്റെ സ്ഥലമേറ്റെടുപ്പ് അന്തിമഘട്ടത്തില്‍


പാലക്കാട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ഭാരതപ്പുഴയില്‍ യാഥാര്‍ഥ്യമാക്കുന്ന കാങ്കക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിയുടെ ഭാഗമായ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണത്തിനായുള്ള സ്ഥലമേറ്റെടുപ്പ് അന്തിമഘട്ടത്തില്‍. ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ വില നിര്‍ണ്ണയ പ്രക്രിയ പൂര്‍ത്തിയാകുന്ന മുറയ്ക്ക് നവംബറോടെ സ്ഥലം ഏറ്റെടുത്ത് 2026 ഫെബ്രുവരിയോടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

 കാങ്കകടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പണി പൂര്‍ത്തിയായിട്ടുണ്ട്. അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം കൂടി പൂര്‍ത്തിയായാല്‍ പാലക്കാട് ജില്ലയില്‍ നിന്ന് മലപ്പുറം ജില്ലയിലേക്കുള്ള യാത്ര സുഗമമാക്കാനും ദേശീയപാതയില്‍ നിന്ന് തൃത്താല ഭാഗത്തേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനും സാധിക്കും. ഇറിഗേഷന്‍ വകുപ്പിന് കീഴിലാണ് കാങ്കകടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണം നടക്കുന്നത്.


കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 102 കോടി വിനിയോഗിച്ചാണ് നിര്‍മാണം പ്രാവര്‍ത്തികമാക്കുന്നത്. ഗതാഗതത്തിന് പുറമേ പാലക്കാട്, മലപ്പുറം ജില്ലകളിലെ കാര്‍ഷിക മേഖലയ്ക്കും വലിയൊരു മുതല്‍ക്കൂട്ടാകാന്‍ പദ്ധതിയ്ക്ക് കഴിയും. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ഇരുമ്പിളിയം പഞ്ചായത്ത് പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറം, ആനക്കര , കപ്പൂര്‍ പഞ്ചായത്തുകളിലെ കൃഷിക്കും കുടിവെള്ള പദ്ധതികള്‍ക്കും പദ്ധതി ഗുണകരമാകും.


കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് പദ്ധതിയുടെ നിര്‍മ്മാണ ചുമതല. 418 മീറ്റര്‍ നീളം വരുന്ന റെഗുലേറ്റര്‍ കം ബ്രിഡ്ജിന് 11 മീറ്റര്‍ വീതിയാണുള്ളത്. പാലത്തിന്റെ മുകളില്‍ ഇരുഭാഗത്തും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയും ഒരുക്കിയിട്ടുണ്ട്.

Below Post Ad