കുറ്റിപ്പുറം-പൊന്നാനി ദേശീയപാതയിൽ അടിക്കടിയുണ്ടാകുന്ന അപകടങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. അറിയിച്ചു. വെള്ളിയാഴ്ച കുറ്റിപ്പുറം-പൊന്നാനി ഹൈവേയിലുണ്ടായ അപകടത്തിൽ ‘മാതൃഭൂമി’ ഏജന്റും ലോട്ടറി വില്പനക്കാരനുമായ പാക്കത്തപ്പറമ്പ് വലിയവീട്ടിൽ ഷണ്മുഖനും ആനപ്പടിയിലുണ്ടായ അപകടത്തിൽ കണ്ണൂർ സ്വദേശി ആദിത്യ ജയചന്ദ്രനും മരിച്ചിരുന്നു.
ആറു വർഷം മുൻപാണ് കുറ്റിപ്പുറം-പൊന്നാനി ദേശീയപാത നിർമാണം പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഇതിനോടകംതന്നെ വിവിധ അപകടങ്ങളിലായി മുപ്പതോളം പേരുടെ ജീവനാണ് ഈ റോഡിൽ പൊലിഞ്ഞത്. വാഹനങ്ങളുടെ അമിതവേഗമാണ് പലപ്പോഴും അപകടമുണ്ടാക്കിയതെന്ന് കണ്ടെത്തിയിട്ടും വേഗം നിയന്ത്രിക്കാൻ നടപടികൾ ഇതുവരെയുണ്ടായിട്ടില്ല.
പാതയോരത്ത് വഴിയോരവിളക്കുകളില്ലാത്തത് രാത്രികാലങ്ങളിൽ അപകടങ്ങൾക്ക് ആക്കം കൂട്ടുന്നു. പൊന്നാനി, പാലക്കാട്, എറണാകുളം, കുറ്റിപ്പുറം, കോഴിക്കോട് എന്നീ റോഡുകൾ സംഗമിക്കുന്ന ചമ്രവട്ടം ജങ്ഷനിൽ രാത്രി ഏഴരയോടെ സിഗ്നൽ ലൈറ്റുകൾ ഓഫ് ചെയ്യുന്നതോടെ അമിതവേഗത്തിൽ വരുന്ന പല വാഹനങ്ങളും ഇവിടെ കൂട്ടിയിടിച്ച് അപകടമുണ്ടാകുന്നത് നിത്യസംഭവമാണ്.
ദേശീയപാതയിൽ രാത്രികാലങ്ങളിൽ കാൽനടയാത്രയും ബൈക്ക് യാത്രയും അസാധ്യമായി. കേരള സംസ്ഥാന ട്രാൻസ്‌പോർട് പദ്ധതിയുടെ ഭാഗമായി സുരക്ഷിതപാത പദ്ധതിയിൽ കുറ്റിപ്പുറം-പൊന്നാനി ദേശീയപാതയെ ഉൾപ്പെടുത്താനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പറഞ്ഞു.