ക്വാറന്റൈൻ ബുക്കിങ്ങിലെ സാങ്കേതികത്വം പറഞ്ഞ് തൃത്താലയിലെ പ്രവാസി സംരംഭകനെ കൊച്ചി വിമാനത്താവളത്തിൽ തടയാൻ ശ്രമിച്ചതായി പരാതി.ഖത്തറിലെ പ്രിന്റിങ് പ്രസ് സംരംഭകനും തൃത്താല സ്വദേശിയുമായ പൗരത്തൊടിയിൽ മൊയ്തീൻകുട്ടിയാണ് ഇൻഡിഗോ വിമാനക്കമ്പനി അധികൃതർക്കെതിരേ പരാതി ഉന്നയിച്ചിട്ടുള്ളത്
ജനുവരി 13-ന് കൊച്ചിയിൽ നെടുമ്പാശ്ശേരി എയർപോർട്ടിൽനിന്നും ദോഹയിലേക്ക് കുടുംബത്തോടപ്പം പോകാനായി ടിക്കറ്റെടുത്തപ്പോൾ മൊയ്തീൻകുട്ടി ജനുവരി 13-ന് പകരം ഏപ്രിൽ 13-നുള്ള ടിക്കറ്റാണ് കംപ്യൂട്ടർവഴി ബുക്ക് ചെയ്തത്. കംപ്യൂട്ടറിൽ രേഖപ്പെടുത്തിയത് തെറ്റായിരുന്നെന്നത് എയർപോർട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹത്തിന് മനസ്സിലായത്.
അബദ്ധം മനസ്സിലായ ഉടൻ ടിക്കറ്റ് ഡൽഹിവഴിയാക്കി മാറ്റിയെടുത്തു. എന്നാൽ, ക്വാറന്റൈനായി ഹോട്ടൽ ബുക്ക് ചെയ്തതിലെ സാങ്കേതികത്വം പറഞ്ഞ് കൗണ്ടറിലെ സൂപ്പർവൈസർ യാത്ര മുടക്കുകയായിരുന്നെന്ന് മൊയ്തീൻകുട്ടി കുറ്റപ്പെടുത്തി. അത്യാവശ്യമായതുകൊണ്ട് അതേ ദിവസത്തിലും സമയത്തിലും എയർ ഇന്ത്യയുടെ പുതിയ ടിക്കറ്റെടുത്ത് എയർ ഇന്ത്യ എക്സ്പ്രസിൽ യാത്രചെയ്ത് ദോഹയിലെത്തി
നേരത്തേ ബുക്ക് ചെയ്ത അതേ ഹോട്ടൽ ബുക്കിങ്ങാണ് എയർ ഇന്ത്യ പരിഗണിച്ചത്. ഇതേക്കുറിച്ച് ദോഹയിലെ ഇൻഡിഗോ ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ ഈ ഹോട്ടൽ ബുക്കിങ്ങിൽ ഇൻഡിഗോയിൽ യാത്രചെയ്യുന്നതിന് യാതൊരുവിധ തടസ്സവുമുണ്ടായിരുന്നില്ലെന്നാണ് അവർ അറിയിച്ചത്. പ്രസ്തുത പരാതി ഇൻഡിഗോ കസ്റ്റമർകെയറിലേക്ക് അയയ്ക്കാൻ നിർദേശിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻഡിഗോ വിമാനത്തിലെ സ്ഥിരം യാത്രക്കാരനായ തനിക്ക് റീഫണ്ട് നൽകുകയോ മറ്റൊരിക്കൽ യാത്രചെയ്യാവുന്ന രീതിയിൽ ടിക്കറ്റ് മാറ്റി അനുവദിക്കയോ വേണമെന്നാവശ്യപ്പെട്ട് മൊയ്തീൻകുട്ടി ഇൻഡിഗോ മാനേജ്‌മെന്റിന് അപേക്ഷ നൽകിയിട്ടുണ്ട്. കൊച്ചിൻ എയർപോർട്ട് അതോറിറ്റിക്കും പരാതി നൽകിയിട്ടുണ്ട്..