ചാലിശ്ശേരി: ചാലിശ്ശേരി ജി.സി.സി. ക്ലബ്ബിന്റെ ചുവരിൽ ലോക ഫുട്‌ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ കൈയൊപ്പ് ചാർത്തിയ ജേഴ്‌സി തൂങ്ങിക്കിടക്കും. ചാലിശ്ശേരി പെരുമണ്ണൂർ കിണറമാക്കൽവീട്ടിൽ ഉമ്മറിന്റെയും ആയിഷയുടെയും മകൻ ഷെഫീഖാണ് ജേഴ്‌സി ക്ലബ്ബിനായി നൽകിയത്. കഴിഞ്ഞ ജനുവരി അവസാനം ദുബായ് എക്സ്‌പോയിൽ പങ്കെടുക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയപ്പോഴാണ് ഷെഫീഖിന് ഒപ്പുചാർത്തിയ ജേഴ്‌സി സമ്മാനമായി ലഭിച്ചത്.
കഴിഞ്ഞദിവസം ലീവിന് ചാലിശ്ശേരിയിലെത്തിയ ഷെഫീഖ് ഗ്രാമത്തിൽ നിരവധി കായിക താരങ്ങൾക്ക് ജന്മംനൽകിയ ജി.സി.സി. ക്ലബ്ബിന് ജേഴ്‌സി നൽകാൻ തീരുമാനിക്കുകയായിരുന്നു..
ഞായറാഴ്ച ചാലിശ്ശേരി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്ത് എത്തിയപ്പോൾ മനസ്സ് നിറഞ്ഞ ആഹ്ലാദത്തോടെയാണ് റൊണാൾഡോയുടെ കൈയൊപ്പ് ചാർത്തിയ ജേഴ്‌സി ഫ്രെയിമിനുള്ളിലാക്കി ഷെഫീഖ് ക്ലബ്ബ് ഭാരവാഹികൾക്ക് നൽകിയത്.
സെക്രട്ടറി പി.സി. തോംസൺ, ട്രഷറർ എ.എം. ഇക്ബാൽ, ജോ. സെക്രട്ടറി നൗഷാദ് മുക്കൂട്ട എന്നിവരും ഫുട്‌ബോൾ താരങ്ങളുംചേർന്ന് ജേഴ്സി ഏറ്റുവാങ്ങി.
നിരവധിപേരാണ് ജേഴ്‌സിക്കൊപ്പംനിന്ന് സെൽഫിയെടുക്കാൻ ക്ലബ്ബ്ഹൗസിൽ എത്തുന്നത്. ജേഴ്‌സി നൽകിയ ഷെഫീക്കിന് വീട്ടിലെത്തി ക്ലബ്ബ് പ്രസിഡന്റ് ഷാജഹാൻ നാലകത്ത് ക്ലബ്ബിന്റെ അംഗത്വകൂപ്പൺ നൽകി ആദരിച്ചു. കുടുംബാംഗങ്ങളും ക്ലബ്ബ് ഭാരവാഹികളും പങ്കെടുത്തു.