പൊന്നാനിക്കാരി വിൻസി അലോഷ്യസ് ഇനി ബോളിവുഡിന്റെ നായിക


മലയാളത്തിലെ റിയാലിറ്റി ഷോ ആയ 'നായികാ നായകനി'ലൂടെ ചിക്കൻ കറി വെച്ച്  പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് പൊന്നാനി സ്വദേശിനിയായ വിൻസി അലോഷ്യസ്. നിരവധി സിനിമകളിൽ നായിക വേഷത്തിലടക്കം തിളങ്ങിയ താരം ഇനി ബോളിവുഡിലേക്കും ചുവടുറപ്പിക്കാൻ പോകുന്നു.

 ഷെയ്സൺ ഔസേപ്പ് സംവിധാനം ചെയ്യുന്ന 'ഫെയ്സ് ഓഫ് ദ് ഫെയ്സ്‍ലെസ്' എന്ന ഹിന്ദി ചിത്രത്തിൽ നായിക വേഷത്തിലൂടെയാണ് വിൻസിയുടെ ബോളിവുഡ് അരങ്ങേറ്റം. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ 25ന് നടക്കുമെന്ന്  വിൻസി അലോഷ്യസ് പറയുന്നു.


ഒരു മലയാളിയായ കഥാപാത്രത്തെയാണ് താൻ സിനിമയിൽ അവതരിപ്പിക്കുന്നത് എന്നും എന്നാൽ 95 ശതമാനം സംഭാഷണങ്ങളും ഹിന്ദിയിൽ തന്നെയാണ് എന്നും താരം പറയുന്നു. സിനിമയ്ക്ക് വേണ്ടി ഹിന്ദി പഠിച്ചെടുക്കുന്നതിൽ വെല്ലുവിളി നേരിട്ടിരുന്നു. പക്ഷേ, അവർ അതിൽ നന്നായി സഹായിക്കാമെന്ന് പറഞ്ഞതോടെ താൻ ഓകെ പറഞ്ഞു എന്നും താരം മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

 'സോളമന്റെ തേനീച്ചകൾ' എന്ന സിനിമയാണ് വിൻസിയുടേതായി പുറത്തു വരാനിരിക്കുനന് ചിത്രം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. എന്നാൽ ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നതിനാൽ വിൻസിയ്ക്ക് ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.


'ഫെയ്സ് ഓഫ് ദ് ഫെയ്സ്‍ലെസ്' എന്ന സിനിമയുടെ പ്രോജക്ട് ഹെഡ് എഡിറ്റർ രഞ്ജൻ എബ്രഹാം വഴിയാണ് തനിക്ക് ഈ സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. ദേശീയ പുരസ്കാര ജേതാവ് കൂടിയായ മഹേഷ് റാണെ ആണ് സിനിമയുടെ ക്യാമറ ചെയ്തിരിക്കുന്നത്. അദ്ദേഹമാണ് ക്യാമറ ചെയ്യുന്നതെന്ന് അറിഞ്ഞപ്പോൾ തന്നെ വലിയ ആകാംക്ഷയായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.

ആദിവാസി പ്രശ്നങ്ങൾ ചർച്ചയാകുന്ന സിനിമയാണ് 'ഫെയ്സ് ഓഫ് ദ് ഫെയ്സ്‍ലെസ്'. ജീവചരിത്രസംബന്ധിയായ ചിത്രം രാജ്യാന്തര ചലച്ചിത്രമേളകളിലേക്ക് അയക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. എട്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള അഭിനേതാക്കൾ ചിത്രത്തിലുണ്ട്. മലയാളിയായി വിൻസി മാത്രമാണ് ഉള്ളതെന്നും താരം  പറഞ്ഞു.


അടുത്തിടെ  ഇറങ്ങിയ ഭീമന്റെ വഴി, കനകം കാമിനി കലഹം എന്നീ ചിത്രങ്ങളിലെ വിൻസിയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു.പൃഥ്വിരാജ് ചിത്രം ജനഗണമനയാണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രം.


Below Post Ad