'' ഇക്കാ.. എനിക്കൊരു പണി ആക്കിത്തരോ ... ഗൾഫിൽ !! "
എടപ്പാൾ നെല്ലറ ഗ്രൂപ്പ് എം ഡി ശംസുദ്ധീൻ നെല്ലറക്ക് കോഴിക്കോട് സ്വദേശി മുഹമ്മദ് റഹൂഫ് ഒരുപാട് പ്രതീക്ഷകളോടെ അയച്ച മെസ്സേജാണിത്.
എടപ്പാളിൽ ഇന്റർവ്യൂ നൽകി നെല്ലറ ഗ്രൂപ്പിൽ ജോലി നേടിയ റഹൂഫ് കുറഞ്ഞകാലം കൊണ്ട് ദുബായ് നെല്ലറ ഗ്രൂപ്പിലെ മികച്ച മെർച്ചൻടൈസർക്കുള്ള പുരസ്‌കാരവും നേടി.
എന്നാൽ പിന്നീട് കാര്യങ്ങൾ മറിച്ചായിരുന്നു.ഏവരെയും കണ്ണീരണിയിക്കുന്ന ശംസുദ്ധീൻ നെല്ലറയുടെ വൈറൽ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങിനെ :
"ഇക്കാ.. എനിക്കൊരു പണി ആക്കിത്തരോ ... ഗൾഫിൽ !! "
തന്റെ സ്വപ്‌നങ്ങൾ നേടിയെടുക്കാൻ കോഴിക്കോട് സ്വദേശി മുഹമ്മദ് റഹൂഫ് ഒരുപാട് പ്രതീക്ഷകളോടെ അയച്ച ഈ മെസ്സേജ് 2020 മാർച്ച് 18 ന് എന്റെ ഇൻസ്റ്റാഗ്രാമിൽ വന്നെത്തി. ദിനേന ജോലി ആവശ്യാർഥം വരുന്ന നൂറുകണക്കിന് മെസ്സേജുകളിൽ ഒന്നായിരുന്നു അത്.
നിരന്തരം ജോലിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനിടയിൽ എന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ ഒരു ഇന്റർവ്യൂവിന് അവസരം നൽകി. സഹോദരനൊപ്പം എടപ്പാളിൽ ഇന്റർവ്യൂ നൽകി.
ഇന്റർവ്യൂവിലെ മിടുക്കും തന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ചെറുപ്രായത്തിൽ തന്നെ അധ്വാനിക്കാൻ നിർബന്ധിതനായ ചെറുപ്പക്കാരന്റെ നിസ്സഹായാവസ്ഥയും മനസ്സിലാക്കി ദുബായ് നെല്ലറയിൽ അന്ന് ലഭ്യമായിരുന്ന മെർച്ചൻടൈസിങ് ജോലി നൽകി.
അങ്ങനെ വളരെ ആവേശത്തോടെ വളരെ ഊർജ്ജത്തോടെ ജോലി ചെയ്ത് എല്ലാ സ്റ്റാഫുകളുടെയും പ്രീതി പിടിച്ചുപറ്റി. ഒരു വർഷത്തോളം നെല്ലറ കുടുംബത്തിലെ അംഗമായിരുന്ന റഹൂഫിനെ പിന്നീട് കണ്ടുമുട്ടിയത് കഴിഞ്ഞ മാസം 22ന് നടന്ന നെല്ലറയുടെ ആനുവൽ മീറ്റിൽ മികച്ച മെർച്ചൻടൈസർക്കുള്ള പുരസ്‌കാരം കൈമാറുമ്പോഴായിരുന്നു.
അതിന്റെ പിറ്റേ ദിവസമായിരുന്നു ന്യൂറോ സംബന്ധമായ അസുഖത്തെ തുടർന്ന് ഖിസൈസ് ആസ്റ്റർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുന്നത്. രോഗം അപൂർവ്വങ്ങളിൽ അപൂർവ്വമായത് കൊണ്ട് തന്നെ വിവിധ രാജ്യങ്ങളിലുള്ള ഡോക്ടേഴ്‌സുമായി നിരന്തരം ബന്ധപ്പെട്ട് എല്ലാ പരിശ്രമങ്ങളും നടത്തിയിരുന്നു. രോഗം മൂർച്ഛിച്ചതോടെ എയർ ആംബുലൻസിന്റെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടത്തിവരികയായിരുന്നു.
അതിനിടയിലാണ് ഞെട്ടലോടെയുള്ള ഇരുപതുകാരന്റെ മരണ വാർത്ത വന്നെത്തിയത്. ആ കൊച്ചുമിടുക്കന്റെ കുടുംബത്തിന് പടച്ചവൻ ക്ഷമ നൽകുമാറാകട്ടെ. പാപങ്ങൾ പൊറുത്തു കൊടുത്ത് സ്വർഗ്ഗം കൊണ്ട് അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ
(നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി )