പട്ടാമ്പി പാലത്തിനുതാഴെ ഭാരതപ്പുഴയിൽ യുവതിയുടെ മൃതദേഹം കൈപ്പത്തിയറ്റ് അഴുകിയനിലയിൽ കണ്ടെത്തിയതിൽ ദുരൂഹത.യുവതി പട്ടാമ്പിഭാഗത്ത് എത്തിയത് എന്തിനെന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. ഇവർ ഉപയോഗിച്ചിരുന്ന മൊബൈൽഫോൺ കണ്ടെത്താനായിട്ടുമില്ല.
തിങ്കളാഴ്ചകാലത്ത് ഒൻപതരയോടെ പുഴയോരത്ത് കാലിമേക്കാനെത്തിയ നാട്ടുകാരാണ് പുഴയിൽ ഗുരുവായൂർ കാരക്കാട് കുറുവങ്ങാട്ടിൽ വീട്ടിൽ ഹരിതയുടെ (28) മൃതദേഹം പുൽക്കാടുകളോടു ചേർന്ന് പൊങ്ങിക്കിടക്കുന്നത് കണ്ടത്.
ഇവിടെനിന്ന് ഏതാനും മീറ്ററുകൾ മാറി ഇവരുടെ ബാഗും കുറച്ചകലെ രേഖകളും ഗുളികകളും അടങ്ങിയ മറ്റൊരുകവറും കണ്ടെത്തി. തുടർന്ന്, തൃത്താല പോലീസും പേരാമംഗലം പോലീസും സ്ഥലത്തെത്തി.
കവറിൽനിന്ന് കണ്ടെത്തിയ ബാങ്ക് രേഖയിലെ ഫോൺനമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് യുവതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. യുവതിയുടെ ബന്ധുക്കൾ സ്ഥലത്തെത്തി മൃതദേഹം ഹരിതയുടേയാണെന്ന് തിരിച്ചറിഞ്ഞു. ശനിയാഴ്ച രാവിലെ ഒൻപതര മുതൽ യുവതിയെ കാണാതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തൃശ്ശൂർ പേരാമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
യുവതി ഉപയോഗിച്ചിരുന്ന മൊബൈൽഫോണിന്റെ ടവർ ലൊക്കേഷൻ പട്ടാമ്പി ശങ്കരമംഗലം ഭാഗത്ത് കണ്ടെത്തിയതിനെത്തുടർന്ന് പോലീസ് ഈഭാഗത്ത് പരിശോധന നടത്തിയെങ്കിലും വിവരങ്ങൾ അറിയാനായില്ല. ശനിയാഴ്ച അർധരാത്രിവരെ മൊബൈൽ ഫോൺ ഇടയ്ക്കിടെ ഓണാവുകയും പിന്നീട് ഓഫാവുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
തൃത്താല സ്റ്റേഷൻ ഹൗസ് ഓഫീസർ സി. വിജയകുമാർ, പേരാമംഗലം പോലീസ് ഇൻസ്പെക്ടർ വി. അശോക് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
മൊബൈൽഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തൃശ്ശൂർ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി.പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ സംഭവത്തിൽ വ്യക്തത കൈവരൂയെന്ന് പോലീസ് പറഞ്ഞു.
യുവതി വിഷാദരോഗത്തിന് മരുന്ന് കഴിച്ചിരുന്നതായും പോലീസ് അറിയിച്ചു. ഹരിതയുടെ ഭർത്താവ്: സനീഷ്. മകൻ: ദ്രുപത് (5).