കൂറ്റനാട്: കൂറ്റനാട്-തണ്ണീർക്കോട് പാതയിൽ പാലക്കപ്പീടിക സെന്ററിനടുത്ത് ടോറസ് ലോറിയും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ഓട്ടോയിലുണ്ടായിരുന്ന ആക്രിക്കച്ചവടക്കാരായ ഓങ്ങല്ലൂർ കാരക്കാട് സ്വദേശികളായ റിൻഷാദ് (23), അഫ്‌സൽ (26) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം. എടപ്പാളിൽനിന്ന് മണൽ കയറ്റി കൂറ്റനാട് ഭാഗത്തേക്ക് വരുകയായിരുന്നു ലോറി. പാലക്കപ്പീടിക സെന്ററിലെ ചെറിയ വളവിൽവെച്ച് ലോറി ആക്രിസാധങ്ങൾ കയറ്റി മുന്നിൽപ്പോകുകയായിരുന്ന ഓട്ടോയുടെ പിറകിൽ ഇടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ തലകീഴായി മറിഞ്ഞ ഓട്ടോയുടെ ടയറുകൾ ഊരിത്തെറിച്ചു. റോഡരികിലെ സ്വകാര്യവ്യക്തിയുടെ വീടിന്റെ മുന്നിലെ മതിലിൽ തട്ടിയാണ് ഓട്ടോ നിന്നത്. ഒരാൾക്ക് കൈകൾക്കും മറ്റൊരാൾക്ക് കാലിനുമാണ് പരിക്ക്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.