അബുദബി ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദിലെ മലയാളി ബാങ്കൊലി I K NEWS


അബൂദബിയിലെ ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദില്‍ നിന്ന് ഒരു മലയാളിയുടെ മധുരിതമായ ബാങ്കൊലി ഉയരാന്‍ തുടങ്ങിയിട്ട് 12 വര്‍ഷമായി. തൃശൂര്‍ പന്നിത്തടം സ്വദേശി ഹാഫിസ് അഹ്‌മദ് നസീം ബാഖവിയാണ് ഈ ശബ്ദത്തിന്റെ ഉടമ.  

2010 മുതല്‍ ശൈഖ് സായിദ് മസ്ജിദില്‍ മുഅദ്ദിനായി സേവനം ചെയ്യുകയാണ് ഇദ്ദേഹം. അബൂദബിയിലെ 750ല്‍പരം പള്ളികളിലാണ് സാറ്റലൈറ്റ് വഴി ഈ ബാങ്ക് മുഴങ്ങുന്നത്. അബൂദബി ഔഖാഫിനു കീഴിലുള്ള പള്ളിയിലെ ഇമാം കൂടിയാണ് അഹ്‌മദ് നസീം. ഇദ്ദേഹത്തെ കൂടാതെ മൂന്ന് യു.എ.ഇക്കാരും ഒരു സിറിയക്കാരനും രണ്ടു മിസ്‌രികളും ഒരു പാകിസ്താനിയുമാണ് ഈ പള്ളിയിലെ മറ്റു മുഅദ്ദിനുകള്‍.

ഗ്രാന്റ് മസ്ജിദില്‍ ബാങ്ക് വിളിക്കുന്ന ഏക ഇന്ത്യക്കാരന്‍ ഒരു മലയാളിയാണെന്നതില്‍ നമുക്ക് അഭിമാനിക്കാം. ഇവിടെ മുഅദ്ദിനാവുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. 2009 അവസാനം വിവിധ രാജ്യക്കാരായ അപേക്ഷകരില്‍ നിന്ന് ഇന്റര്‍വ്യൂവിലൂടെയാണ് അഹ്‌മദ് നസീം തിരഞ്ഞെടുക്കപ്പെട്ടത്. ഔഖാഫ് മേധാവി ശൈഖ് ഹംദാന്‍ അല്‍ മസ്‌റൂഇയായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡിലെ തലവന്‍. നന്നായി ഖുര്‍ആന്‍ പാരായണം ചെയ്തതിന് ഇന്റര്‍വ്യൂവിനു ശേഷം പ്രത്യേക പാരിതോഷിതവും മസ്‌റൂഇ സമ്മാനിച്ചു. ഇവിടെ മുഅദ്ദിനാകാന്‍ വഴിയൊരുക്കിത്തന്ന അല്ലാഹുവിനെ സ്തുതിക്കുകയാണ് ആലിക്കുട്ടി മസ്താന്‍-സുഹ്‌റ ദമ്പതികളുടെ പുത്രനായ ഹാഫിസ് അഹ്‌മദ് നസീം ബാഖവി. 

മുഅദ്ദിന്‍ സേവനത്തിനിടയില്‍ ഒരിക്കല്‍ യു.എ.ഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ് യാന്‍, പശ്ചിമ അബൂദബിയിലെ റൂളേഴ്‌സ് പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ എന്നിവരുമായി നേരില്‍ കൂടിക്കാഴ്ച നടത്താനായത് ജീവിതത്തിലെ അപൂര്‍വ നിമിഷമായാണ് അഹ്‌മദ് നസീം ബാഖവി കാണുന്നത്.

2005ല്‍ പ്രശസ്തമായ വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍ നിന്ന് ബാഖവി ബിരുദം നേടിയ ശേഷമാണ് അഹ്‌മദ് നസീം ഖുര്‍ആന്‍ പഠനത്തിനായി മദീനയിലെ മസ്ജിദുന്നബവിയില്‍ എത്തിയത്. സിറിയ, ഈജിപ്ത്, മൗറിത്താനിയ, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ഖുര്‍ആന്‍ പണ്ഡിതന്മാര്‍ക്കു കീഴില്‍ ഖുര്‍ആന്‍ പാരായണത്തില്‍ കൂടുതല്‍ പരിശീലനം നേടി. ഇവിടെ നിന്നാണ് ഖുര്‍ആനില്‍ സനദ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. 

മദീന മുനവ്വറയിലെ ഖുര്‍ആന്‍ പരിശീലനത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തി.തുടര്‍ന്ന് 2009ലാണ് അഹ്‌മദ് നസീം ബാഖവി അബൂദബിയിലെത്തുന്നത്. പഠനത്തിന് പിതാവിന്റെയും കോഴിക്കോട് സ്വദേശിയായ ഉസ്താദ് അബ്ദുല്‍ റസാഖ് ഫുര്‍ഖാനിയുടെയും പിന്തുണ ഇദ്ദേഹം കൃതജ്ഞതയോടെ സ്മരിക്കുന്നു.

കുടുംബസമേതമാണ് അഹ്‌മദ് നസീം ബാഖവി അബൂദബിയില്‍ താമസിക്കുന്നത്. മൂത്ത മകന്‍ മുഹമ്മദ് യാസീന്‍ പിതാവിന്റെ ശിക്ഷണത്തില്‍ പത്താം വയസില്‍ ഹാഫിളായി. മറ്റു മക്കളും അബൂദബി മോഡല്‍ സ്‌കൂളിലെ വിദ്യാഭ്യാസത്തോടൊപ്പം പിതാവിനൊപ്പം വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കാനുള്ള  പരിശീലനത്തിലാണ്.

മുജീബ് തങ്ങള്‍ കൊന്നാര്


Below Post Ad