''നൂറേ ഹബീബ് '' എന്ന പേരിൽ അടുത്ത കാലത്തായി തുടക്കം കുറിച്ച ഹാമിദ് ആറ്റക്കോയ തങ്ങളുടെ ഓൺലൈൻ ആത്മീയ ചൂഷണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
ഈ വിഷയത്തിൽ സമസ്തയുടെ ഔദ്യോഗിക പ്രതികരണം കാത്തിരിക്കുന്ന സമയത്ത് സുപ്രഭാതം ദിനപത്രത്തിൽ ഇയാളുടെ റമളാൻ പ്രഭാഷണത്തിന്റെ പരസ്യം പ്രസിദ്ധീകരിച്ചത് വിവാദമായതോടെ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന പാണക്കാട് സയ്യിദ് സാബിക്കലി പരിപാടിയിൽ നിന്ന് വിട്ടുനിന്നു.
ആരാധനയുടെയും ആത്മീയ സദസ്സുകളുടെയും മറവിൽ സാമ്പത്തിക ചൂഷണം നടത്തുകയും ആൾദൈവ സങ്കല്പങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന അഭിനവ ആത്മീയ ചൂഷണം തിരിച്ചറിയണമെന്നും ഇത്തരം ആളുകൾ ആത്മീയ സദസ്സെന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ നിന്ന് സമൂഹം വിട്ടുനിൽക്കണമെന്നും സമസ്ത കേരള ജംഇയത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ നിവഹക സമിതി യോഗം ആവശ്യപ്പെട്ടിരുന്നു
പ്രതികരിക്കേണ്ടവർ കണ്ണടക്കുമ്പോൾ ഇത്തരം തട്ടിപ്പുകാർക്കെതിരെ ശരീഫ് സാഗർ തുറന്നെഴുതുന്നു.
നാടുനീളെ പെണ്ണുകെട്ടി ആ സാധു സ്ത്രീകളെ ഉപേക്ഷിച്ച് പണ്ടവും പണവുമായി മുങ്ങി നടന്ന ഒരാൾ. പച്ചമലയാളത്തിൽ പറഞ്ഞാൽ കല്ല്യാണത്തട്ടിപ്പ് വീരൻ.
തങ്ങളാണെന്ന് കരുംനുണ പറഞ്ഞ് പല ദേശങ്ങളിലും പോയി ചൊല്ലിയും ഊതിയും തട്ടിപ്പ് നടത്തി നോക്കിയിട്ട് ഒന്നും നടന്നില്ല.
കുറെ കാലം മലേഷ്യയിൽ പോയി തട്ടിപ്പ് നടത്താൻ നോക്കി. ക്ലച്ച് പിടിച്ചില്ല.
കുറെ കാലം ഫുട്‌ബോൾ ക്ലബ്ബുണ്ടാക്കി അതിന്റെ മാനേജരും അനൗൺസറുമായി കാലം കഴിച്ചു. പച്ച പിടിച്ചില്ല. അങ്ങനെയിരിക്കുമ്പോഴാണ് കോവിഡ് വന്നത്.
ആളുകളെല്ലാം വീട്ടിൽ ചടഞ്ഞിരുന്ന നേരത്ത് തട്ടിപ്പുകാരിൽ പലരും ഓൺലൈനിലായി. ആത്മീയ തട്ടിപ്പുകാരും ഓൺലൈനിലേക്ക് തിരിഞ്ഞു.
ചുണ്ടിൽ ലിപ്സ്റ്റിക്കിട്ട ഉസ്താദ് ഉൾപ്പെടെ പലരും ഓൺലൈനിലൂടെ പെണ്ണുങ്ങളെ പിടിച്ചിരുത്തി പണമുണ്ടാക്കി തുടങ്ങി. നമ്മുടെ വ്യാജ തങ്ങളും ആ വഴി വെച്ചുപിടിച്ചു.
ഓടിപ്പോയി ഒരു പച്ചത്തുണി വാങ്ങി തോളിലിട്ടു. കറുത്ത തൊപ്പി വാങ്ങി തലയിലിട്ടു. ആത്മീയ മജ്‌ലിസ് തുടങ്ങി. സുബ്ഹാനല്ലാഹ്, മാഷാ അല്ലാഹ് തുടങ്ങിയ വാക്കുകൾ ശ്വാസം വിടുന്ന പോലെ വിട്ടുതുടങ്ങി.
യൂ ട്യൂബ് ചാനലും വാട്‌സാപ്പ് ഗ്രൂപ്പുകളും ആരംഭിച്ചു. എല്ലാ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും അഡ്മിൻമാരാകാൻ താത്താമാർ ക്യൂ നിന്നു.
അവർക്കെല്ലാം ഫോട്ടോ പതിച്ച് അഡ്മിൻ കാർഡ് സമ്മാനിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽനിന്ന് ലെഫ്റ്റടിച്ചാൽ സ്വർഗ്ഗത്തിൽനിന്നാണ് ലെഫ്റ്റടിക്കുന്നതെന്ന് മാഷാ അല്ലാഹ് കൂട്ടിപ്പറഞ്ഞു. സ്വർഗ്ഗം നഷ്ടപ്പെടുമെന്ന് പേടിച്ച് പലരും വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പിടിച്ചുനിന്നു. തങ്ങളെ കണ്ട പിറ്റേന്ന് ഷുഗറെല്ലാം ആവിയായിപ്പോയെന്ന് ഒരു താത്ത വോയ്‌സ് ക്ലിപ്പിട്ടു.
ഏത് രോഗവുമായി ചെന്നാലും ക്യൂനിന്നാൽ തങ്ങളെ കാണാം. ചികിത്സ ഉറപ്പ്.
ഷുഗർ മാറാൻ ദുആ ചെയ്ത തങ്ങൾ പിറ്റേന്ന് പെരിന്തൽമണ്ണ അൽഷിഫയിൽ ചികിത്സ തേടിയപ്പോൾ ഷുഗർ ലെവൽ 500 കടന്നിരിക്കുന്നു. നാട്ടുകാരുടെ കാര്യം പറയുന്നതിനിടയിൽ തങ്ങൾ സ്വന്തം കാര്യം മറന്നു!
..
ഇനി നാട്ടുകാരുടെ കാര്യം.
ഒരാൾക്ക് വീട് വെച്ചുകൊടുക്കാൻ നാട്ടുകാർ തീരുമാനിച്ചു എന്ന് കരുതുക.
എന്തെങ്കിലും സംഭാവന കിട്ടുമെന്ന് കരുതി നാട്ടുകാർ തങ്ങളെ സമീപിക്കും.
അപ്പോൾ തങ്ങളുടെ ചോദ്യം. ''എത്രയാ ചെലവ് ?''
''ഒരു പത്ത് ലക്ഷമെങ്കിലും വേണ്ടി വരു''മെന്ന് നാട്ടുകാർ.
''സുബ്ഹാനല്ലാഹ്. ശരി. ആ പൈസ ഞാൻ തരാം.''
നാട്ടുകാർ ഫ്‌ളാറ്റ്!
ഇങ്ങനെ എത്രയെത്ര വീടുകളാണ് തങ്ങളുപ്പാപ്പ ഉണ്ടാക്കിക്കൊടുത്തത്!
അതൊക്കെ തട്ടിപ്പിനുള്ള ഇൻവെസ്റ്റ്‌മെന്റാണെന്ന് അറിയാത്തത് നാട്ടുകാർക്ക് മാത്രം. നാട്ടുകാർ എന്നാൽ ഒരു നാട്ടുകാർ മാത്രമല്ല. മൂപ്പർക്ക് വീടും ചിന്നവീടുകളുമുള്ള എല്ലാ നാട്ടുകാരും ഇതേ അവസ്ഥയിലാണ്.
തങ്ങളുപ്പാപ്പ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാളെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. അതീ തങ്ങളാണ്. സ്വന്തം രക്തത്തിലുള്ള സംശയമാണ് അതിനുള്ള കാരണമെന്ന് വ്യക്തം.സ്വന്തം മദ്ഹ് ഗാനങ്ങൾ എഴുതിക്കുകയും അത് കേട്ടാസ്വദിച്ച് യൂ ട്യൂബിൽ ആ പാട്ടിന് ലൈക്ക് ചെയ്യാൻ പറയുകയും ചെയ്യുന്ന ഒരു കോമാളി...!
ഏത് വല്ല്യ ഉസ്താദിനെയും പണം കൊടുത്ത് വീഴ്ത്താൻ തങ്ങൾക്കറിയാം!
ആരെന്ത് പറഞ്ഞാലും പണത്തിന് മുകളിൽ പറക്കാൻ മാത്രം ശേഷിയുള്ള മഹല്ലുകളുമില്ല. ചൊല്ലാനും ഓതാനുമല്ല, പിരിവിന് ശേഷിയുള്ള ഉസ്താദുമാരെയാണ് കമ്മിറ്റിക്കാർക്കും പ്രിയം.
വഅള് പറയാൻ ആളെ കൊണ്ടുവരുന്നത് പോലും പിരിവ് ശേഷി നോക്കിയാണ്. പിരിക്കാൻ കഴിയാത്ത ഉസ്താദ് എത്ര നന്നായി വഅള് പറഞ്ഞിട്ടും കാര്യമില്ല. കമ്മിറ്റിക്ക് വേണ്ടത് പൈസയാണ്. അല്ലാതെ നാട്ടുകാരെ നന്നാക്കലല്ല.
ആത്മീയ വാണിഭത്തിലെ പ്രധാന ഉപഭോക്താക്കൾ സ്ത്രീകളാണ്. കുടുംബത്തിലൊതുങ്ങാതെ എവിടെയെങ്കിലുമൊക്കെ പരിഗണിക്കപ്പെടാനുള്ള അവസരമായി സ്ത്രീകൾ ഇതിനെ കാണുന്നു. കുടുംബ വ്യവസ്ഥയിലെ താളപ്പിഴകളും ഒറ്റപ്പെടലും കാരണം സ്ത്രീകൾ കടുത്ത മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോകുന്നതാണ് ഇത്തരം തട്ടിപ്പുകാരുടെ കെണിയിൽ പെടാനുള്ള കാരണമെന്നാണ് ഇതേക്കുറിച്ച് ഒരു പഠനം നടത്തിയപ്പോൾ മനസ്സിലായത്.
ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ ആത്മീയ തട്ടിപ്പ് കമ്പോളം ഇന്ത്യയാണത്രെ...!
ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ പ്രതിവർഷം ശരാശരി 15000 കോടി രൂപയുടെ ആത്മീയ വാണിഭമാണ് ഇന്ത്യയിൽ നടക്കുന്നത്. ഗൂഗിൾ പോലുള്ള വലിയ കമ്പനികളിലെ ഉദ്യോഗങ്ങൾ രാജിവെച്ചാണ് ഇന്ന് പലരും ഓൺലൈൻ ആത്മീയ തട്ടിപ്പുകൾക്കായി ഇറങ്ങുന്നത്. അവരെ വെച്ചുനോക്കുമ്പോൾ ഈ തങ്ങളൊക്കെ ചെറുതാണ്!
കൊലകൊമ്പൻ രാഷ്ട്രീയക്കാരും പ്രൊഫഷണൽ തട്ടിപ്പുകാരും ണ്ടകളുമൊക്കെ ഇവർക്ക് പിന്നിലുണ്ട്. ഇവരുടെ ഇരകൾ പുറത്തെവിടെയുമല്ല. നമ്മുടെ വീടുകളിലാണ്. നമ്മുടെ പെങ്ങളും ഭാര്യയും ഉമ്മയുമൊക്കെയാണ്.
ജാഗ്രത വേണം...!
നാളെ പടച്ചവന് മുമ്പിൽ ചോദ്യം ചെയ്യപ്പെടുമെന്ന് പേടിയുള്ളവർ മാത്രം പ്രതികരിക്കുക. അല്ലാത്തവർ ഇത്തരം തട്ടിപ്പുകാർ തരുന്ന നക്കാപ്പിച്ചയും വാങ്ങി മിണ്ടാതിരിക്കുക!
-ഷെരീഫ് സാഗർ