കൂറ്റനാട്: ദീർഘകാലത്തെ പ്രവാസജീവിതം മതിയാക്കിയാണ് കോതച്ചിറ സ്വദേശി നെല്ലിപ്പാറ പരീത് നാട്ടിലെത്തുന്നത്. ചാലിശ്ശേരിയിൽ ടെമ്പോ ഓടിക്കുകയും ഒഴിവുസമയങ്ങളിൽ മരം മുറിക്കൽ, വിറക് കീറൽ തുടങ്ങി ഏത് ജോലി ചെയ്യുന്നതിനും പരീത് തയ്യാറായിരുന്നു. എന്നാൽ, കോവിഡ് വന്നതോടെ പരീതിന് തൊഴിൽ നഷ്ടമായി.
വണ്ടിക്കായെടുത്ത ലോണും മറ്റ് ബാധ്യതകളും തീർക്കാൻ വെറുതെയിരുന്നാൽ പറ്റില്ലെന്ന തിരിച്ചറിവ് പരീതിനെ പുതിയ പരീക്ഷണത്തിലേക്കെത്തിച്ചു. മറ്റ് മരംമുറിക്കാരിൽനിന്ന് കിട്ടിയ അറിവും നവമാധ്യമങ്ങളിൽനിന്ന് മരം കീറുന്നതിനുള്ള പുതിയ യന്ത്രങ്ങളെക്കുറിച്ചുള്ള വാർത്തകളും ശ്രദ്ധയിൽപ്പെട്ടതോടെയാണ്, വിറക് കീറാനുള്ള പുതിയ യന്ത്രത്തെ തേടിയിറങ്ങിയത്. ഒടുവിൽ, കോയമ്പത്തൂരിൽനിന്നാണ് യന്ത്രം സംഘടിപ്പിച്ചത്.
യന്ത്രത്തിനും വണ്ടിക്കുമുൾപ്പെടെ മൂന്നരലക്ഷം രൂപയിലധികം വേണ്ടിവന്നു. ആധാരം പണയപ്പെടുത്തി നാഗലശ്ശേരി സഹകരണബാങ്കിൽനിന്ന് ആവശ്യമായ ധനസഹായവും ലഭിച്ചതോടെ ധൈര്യത്തോടെയാണ് പുതിയ പരീക്ഷണമേറ്റെടുത്തത്. മഴുവെടുത്ത് വിറക് കീറാനുണ്ടോയെന്ന് അന്വേഷിച്ച് ഇതരസംസ്ഥാന തൊഴിലാളികൾ വീട്ടുപടിക്കലെത്തിയാൽ, വീട്ടുകാർ വിലപേശി അമിതകൂലിയും നൽകിയാണ് വിറക് കീറിയിരുന്നത്. നാട്ടിൽ വിറക് കീറുന്നവരുടെ എണ്ണം കുറഞ്ഞുവന്നിരുന്നതിനാൽ ഇതരസംസ്ഥാനക്കാരാണ് ഈ മേഖലയിൽ നിലയുറപ്പിച്ചിരുന്നത്.
ഒരു മണിക്കൂറിന് 600 രൂപയാണ് കൂലിയായി ഈടാക്കുന്നത്. ഡീസൽ വിലക്കയറ്റം പരീതിനും പ്രശ്നമാണ്. യന്ത്രം ഉപയോഗിക്കുന്നത് ഉടമകൾക്ക് സമയ-സാമ്പത്തികലാഭവും ഉണ്ടാക്കുന്നുണ്ട്. മരങ്ങൾ ചെറിയ ഉരുളൻതടിയാക്കി കട്ടിങ് യന്ത്രത്തിലേക്ക് വെച്ചുനൽകിയാൽ നിമിഷനേരം കൊണ്ട് പിളർത്തി ചെറുകഷണങ്ങളാക്കി തരും. വീട്ടുകാർക്ക് ആവശ്യമായ വലുപ്പത്തിൽ ചെറുതാക്കുന്നതിനുള്ള സൗകര്യവുമുണ്ട്.
പരീതിനെ തൊഴിലിൽ സഹായിക്കാൻ ഭാര്യ നബീസ എപ്പോഴും കൂടെയുണ്ട്. ഫോൺ മുഖേനയാണ് ബുക്കിങ്. ഒരു ലിറ്റർ ഡീസലുണ്ടായാൽ ഒരു മണിക്കൂറോളം യന്ത്രം പ്രവർത്തിപ്പിക്കാം. മൂന്ന് പെൺകുട്ടികളാണ്. ജീവിതം വിറക് കീറൽ യന്ത്രത്തിലൂടെ രക്ഷപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ഭാര്യ നബീസ പറഞ്ഞു. ഡ്രൈവറാണെങ്കിലും മത്സ്യക്കച്ചവടവും മരംകയറ്റവുമായി വിവിധ മേഖലകളിൽ വിശ്രമമില്ലാതെ തൊഴിലെടുത്തിരുന്ന പരീതിന് സ്വന്തമായി ടെമ്പോ വാഹനവും വിറകുകീറൽ യന്ത്രവും എത്തിയതോടുകൂടി ഒട്ടും വിശ്രമിക്കാൻ നേരമില്ലാതായിരിക്കയാണ്.