വടക്കഞ്ചേരി: ബസുകൂലി പിരിച്ചെടുക്കാൻ കണ്ടക്ടറില്ലാതെ യാത്രക്കാരെ വിശ്വസിച്ച് പരീക്ഷണ ഓട്ടം തുടങ്ങിയ സ്വകാര്യബസിന് മോട്ടോർ വാഹനവകുപ്പിന്റെ പൂട്ട്. കണ്ടക്ടറില്ലാതെ ഓടാനാവില്ലെന്ന് മോട്ടോർ വാഹനവകുപ്പ് വിലക്കിയതോടെ സർവീസ് ആരംഭിച്ച് നാലാംനാൾ ബസ് ഓട്ടം നിർത്തി.
സ്വകാര്യബസ് മേഖലയുടെ പ്രതിസന്ധി മറികടക്കാൻ നടത്തിയ പരീക്ഷണം വൈറലായെങ്കിലും അധികൃതരുടെ നിർദേശം മാനിച്ച് ബസ്സോട്ടം നിർത്തേണ്ടിവന്നതോടെ കണ്ടക്ടറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബസ്സുടമ വടക്കഞ്ചേരി സ്വദേശി തോമസ് മാത്യു.
ഡീസലിന്റെ തീവില കണക്കിലെടുത്ത് പ്രകൃതിവാതകം ഇന്ധനമാക്കിയ കാടൻകാവിൽ ബസാണ് നിയമക്കുരുക്കിൽപ്പെട്ട് ഓട്ടം നിർത്തിയത്. വടക്കഞ്ചേരിയിൽനിന്ന് നെല്ലിയാമ്പാടം, പുളിങ്കൂട്ടം, തെന്നിലാപുരം വഴി ആലത്തൂർവരെയും തിരിച്ചുമായിരുന്നു റൂട്ട്.
ഞായറാഴ്ച ആരംഭിച്ച ബസ് സർവീസിന് സമൂഹമാധ്യമങ്ങൾ വഴി വൻ പ്രചാരണവും ലഭിച്ചു. ബസിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള പെട്ടികളിൽ യാത്രക്കൂലിയിടുന്നതായിരുന്നു രീതി. ഗൂഗിൾ പേ സംവിധാനവും ഒരുക്കിയിരുന്നു.
പുതിയ പരീക്ഷണത്തിന് യാത്രക്കാരിൽനിന്ന് പൂർണ പിന്തുണ കിട്ടിയതായും തോമസ് മാത്യു പറഞ്ഞു. എന്നാൽ കേരള മോട്ടോർ വാഹനനിയമം 219 അനുസരിച്ച് നിർബന്ധമായും ബസിൽ കണ്ടക്ടർ വേണമെന്നാണ് വ്യവസ്ഥയെന്നും യാത്രക്കാർക്ക് ടിക്കറ്റ് നൽകണമെന്നും റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ എൻ. തങ്കരാജ് പറഞ്ഞു.
33 ലക്ഷംരൂപ ചെലവിട്ട് പുറത്തിറക്കിയ ബസ് വെറുതെ നിർത്താനാകില്ല. എങ്ങിനെയെങ്കിലും കണ്ടക്ടറെ കണ്ടുപിടിച്ച് കഴിയുന്നതുംവേഗം ഓട്ടം പുനരാരംഭിക്കുമെന്ന് തോമസ് മാത്യു പറഞ്ഞു.