ആനക്കര: തെരുവുനായ്ക്കളെക്കൊണ്ട് പൊറുതിമുട്ടുകയാണ് ആനക്കര, കപ്പൂർ മേഖലയിലെ നാട്ടുകാർ. മൂന്നുമാസത്തിനിടെ തെരുവുനായ്‌ക്കളുടെ ആക്രമണത്തിൽ 50-തിലേറെ പേർക്കാണ് പരിക്കേറ്റത്. ഇതിലേറെയും കുട്ടികളും സ്ത്രീകളുമാണ്. പകൽസമയത്തുപോലും വഴിനടക്കാൻ കഴിയാത്ത തരത്തിൽ പലേടങ്ങളിലും നായ്ക്കൾ പെറ്റുപെരുകിയിരിക്കയാണ്.
ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്നവരുടെ കാര്യമാണ് കൂടുതൽ കഷ്ടം. ഏതുസമയവും വണ്ടിക്ക് കുറുകെ നായ്ക്കൾ ചാടിവീഴാം. പിന്തുടർന്ന് ഓടുകയും പതിവാണ്. കഴിഞ്ഞദിവസം കുമ്പിടിയിൽ ബൈക്കിന് കുറുകെ തെരുവുനായ ചാടി പെരുമ്പലം സ്വദേശിയായ ഒരു യുവാവിന് തലയ്‌ക്ക് പരിക്കേറ്റിരുന്നു. പോക്കറ്റ് റോഡുകളിലും പൊതു മാർക്കറ്റുകളിലുമെല്ലാം ഇവയുടെ ശല്യമുണ്ട്. ഇതോടെ ഒട്ടേറെപ്പേർ പ്രഭാതസവാരിതന്നെ ഉപേക്ഷിച്ചു.
ആനക്കരപഞ്ചായത്തിലെ കുമ്പിടി, പെരുമ്പലം, ആനക്കര, കൂടല്ലൂർ, പന്നിയൂർ എന്നിവിടങ്ങളിൽ തെരുവുനായശല്യം രൂക്ഷമാണ്. കപ്പൂർപഞ്ചായത്തിലെ പ്രദേശങ്ങളിലെയും സ്ഥിതി മറിച്ചല്ല. പറക്കുളം, കുമരനല്ലൂർ, നീലിയാട്, കൊള്ളന്നൂർ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും ഇതാണ് സ്ഥിതി.
ഇവയുടെ എണ്ണം ക്രമാതീതമായി വർധിക്കുമ്പോഴും, ജനങ്ങളുടെ സ്വൈര്യജീവിതത്തെപ്പോലും ബാധിക്കുന്ന രീതിയിലേക്കെത്തുമ്പോഴും അധികൃതർ അറിഞ്ഞമട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. എത്രയും വേഗം തെരുവുനായ ശല്യത്തിനെതിരെ നടപടി ഊർജിതമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.