ജിദ്ദയല്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തി വീട്ടിലേക്ക് മടങ്ങവേ അജ്ഞാതരുടെ മര്‍ദനമേറ്റ് മരണപ്പെട്ട അബ്ദുല്‍ ജലീലിനെ ആശുപത്രിയിലെത്തിച്ചയാളെ തിരിച്ചറിഞ്ഞു. മലപ്പുറം ആക്കപ്പറമ്പ് സ്വദേശി യഹിയ ആണ് ആശുപത്രിയിലെത്തിച്ചത്.
അട്ടപ്പാടി അഗളി സ്വദേശി അബ്ദുല്‍ ജലീലിനെ സ്വിഫ്റ്റ് കാറില്‍ ആശുപത്രിയിലെത്തിച്ച ശേഷം യഹിയ മുങ്ങുകയായിരുന്നു. ആശുപത്രിയിലേക്ക് യഹിയുടെ നേതൃത്വത്തില്‍ ജലീലിനെ മാറ്റുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബോധരഹിതനായാണ് ജലീലിനെ ആശുപത്രിയിലാക്കിയത്. യഹിയ ഇപ്പോള്‍ ഒളിവിലാണെന്നാണ് വിവരം.
യഹിയയുമായി ബന്ധപ്പെട്ട മൂന്ന് പേര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്തുവരുകയാണ്. ജലീലിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി ആക്രമിച്ചതെന്നാണ് സംശയിക്കുന്നത്.
പത്ത് വര്‍ഷത്തോളമായി ജിദ്ദയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അട്ടപ്പാടി അഗളി സ്വദേശിയായ അബ്ദുല്‍ ജലീല്‍. ഈ മാസം 15നാണ് ജലീല്‍ ജിദ്ദയില്‍ നിന്നും നെടുമ്പാശ്ശേരിയിലെത്തിയത്. തുടര്‍ന്ന് ഒരു സുഹൃത്തിനൊപ്പം നാട്ടിലേക്ക് വരുകയാണെന്ന് ഭാര്യയെ വിളിച്ചറിയിച്ചിരുന്നു.
എന്നാല്‍ ഏറെ നേരം കാത്തുനിന്നിട്ടും ജലീലെത്താത്തതിനാല്‍ വീട്ടുകാര്‍ പരിഭ്രാന്തരായി. അല്‍പ്പ സമയത്തിനകം ജലീല്‍ ഗുരുതരവാസ്ഥയിലാണെന്ന് അറിയിച്ച് ഭാര്യക്ക് ഫോണ്‍ എത്തി. നെടുമ്പാശ്ശേരിയിലെത്തി ജലീല്‍ വിളിച്ച അതേ നമ്പറില്‍ നിന്നായിരുന്നു വിളിച്ചത്. തുടര്‍ന്ന് പെരിന്തല്‍മണ്ണ ആക്കപറമ്പില്‍ ജലീലിനെ പരുക്കുകളോടെ കണ്ടെത്തുകയായിരുന്നു.
ജലീലിന്റെ തലച്ചോറിനും വൃക്കകള്‍ക്കും ഹൃദയത്തിനും മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതാണ് മരണത്തിനിടയാക്കിയത്