പാലക്കാട്: മണ്ണാര്‍ക്കാട് കാരാകുറിശ്ശിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കണ്ടുകണ്ടം വീട്ടിക്കാട് വീട്ടില്‍ അവിനാഷ്(30) ആണ് ഭാര്യ ദീപിക(28)യെ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിക്കൊന്നത്.
ഒന്നരവയസ്സുള്ള മകന്റെ കണ്മുന്നില്‍വെച്ചായിരുന്നു ദാരുണമായ കൊലപാതകം. ദമ്പതിമാര്‍ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാവിലെ 8.45-ഓടെയായിരുന്നു സംഭവം. രാവിലെ എഴുന്നേറ്റ അവിനാഷ് മകനെ ഉമ്മവെയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ പല്ല് തേക്കാതെ കുട്ടിയെ ഉമ്മവെയ്‌ക്കേണ്ടെന്നായിരുന്നു ഭാര്യയുടെ പ്രതികരണം. ഇതേച്ചൊല്ലിയുണ്ടായ വഴക്കാണ് ഭാര്യയെ ആക്രമിക്കുന്നതിലേക്ക് നയിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം.
ദീപികയുടെ കഴുത്തിലും കാലിലും കൈയിലുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ദീപികയെ ഉടന്‍തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.