കൂറ്റനാട്: തിരുമിറ്റക്കോട് പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിൽ ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളെ പോലീസ് പിടികൂടി. എറണാകുളം നെല്ലിക്കുഴി തിലക്കാട്ട് വീട്ടിൽ ഷാജഹാനെയാണ് (45) പോലീസ് അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച ഉച്ചയോടെ പോലീസ് ഇയാളെ മോഷണംനടന്ന വീടുകളിൽ തെളിവെടുപ്പിനെത്തിച്ചു.
കഴിഞ്ഞമാസം 11-നാണ് സംഭവം. വെള്ളടിക്കുന്ന് വാരിയത്തുപടി പ്രദേശത്തെ താഴത്തെ പീടികയിൽ ഷമീറയുടെ വീട്ടിൽനിന്ന് അഞ്ചുപവനും 16,000 രൂപയുമാണ് പ്രതി കവർന്നത്. സമീപത്തെ പേരത്തപ്പടി വേലായുധന്റെ വീട്ടിലും മോഷണശ്രമം നടന്നങ്കിലും ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. വീട്ടുകാർ ബന്ധുവീടുകളിലേക്ക് പോയ സമയം നോക്കിയായിരുന്നു മോഷണം. നെല്ലിക്കാട്ടിരി ശിവക്ഷേത്രത്തിന് സമീപത്തെ ഗീത നിവാസിൽ ശങ്കരപ്പൊതുവാൾ എന്നയാളുടെ വീട്ടിലും ഇയാൾ കയറാൻ ശ്രമിച്ചെങ്കിലും ശബ്ദംകേട്ട് വീട്ടുകാർ ബഹളം വെച്ചതിനെത്തുടർന്ന് ഓടിരക്ഷപ്പെട്ടു.
ഇയാൾക്കെതിരേ എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലായി ഇരുപതോളം കേസുകൾ നിലവിലുണ്ട്. മറ്റൊരുകേസുമായി ബന്ധപ്പെട്ട് എറണാകുളം പോലീസ് ഇയാളെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു.
തിരുമിറ്റക്കോട് പ്രദേശങ്ങളിൽ സമാനമായ കേസുകൾ റിപ്പോർട്ടുചെയ്തിട്ടുള്ളതിനാൽ അന്വേഷണം നടത്തിക്കൊണ്ടിരുന്ന ചാലിശ്ശേരി എസ്.ഐ. അനീഷിനും സംഘത്തിനും പ്രതിയെ കൈമാറുകയായിരുന്നു. ഇയാളുടെ സഹായിയായ മറ്റൊരു പ്രതിയെക്കൂടി പിടികൂടാനുണ്ടെന്ന് ചാലിശ്ശേരി പോലീസ് പറഞ്ഞു. ഇയാളാണ് പച്ചക്കറി വിൽപ്പനക്കാരനെന്ന പേരിൽ വീടുകൾ കയറി ആളുകളില്ലാത്ത വീടുകളുടെ വിവരങ്ങൾ ഷാജഹാന് കൈമാറുന്നത്.
തിരുമിറ്റക്കോട് പഞ്ചായത്തിൽ പെരിങ്കന്നൂർ പ്രദേശത്തുനിന്ന് ഈയിടെ ഒന്നരപ്പവന്റെ മാലയും കുറച്ചുപണവും മോഷണം പോയിരുന്നു. വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടിരുന്നില്ല. അടുത്തദിവസങ്ങളിലായി പലവീടുകളുടെയും പരിസരങ്ങളിൽ അപരിചിതരായവരുടെ സാന്നിധ്യമുണ്ടാകാറുണ്ടെന്ന് പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് റിപ്പോർട്ടുചെയ്തിരുന്നു.
വീടുപൂട്ടി ദിവസങ്ങളോളം പുറത്തുപോകുന്നവർ ജനമൈത്രി പോലീസുമായി ബന്ധപ്പെടണമെന്നും വീട്ടുകാർ കഴിയാവുന്നതും സി.സി.ടി.വി. പോലുള്ള സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കുന്നത് നല്ലതാണെന്നും ചാലിശ്ശേരി ജനമൈത്രി ബീറ്റ്‌പോലീസ് ഓഫീസർ എ. ശ്രീകുമാർ പറഞ്ഞു.