പട്ടാമ്പി: പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഒറ്റപ്പാലം സ്വദേശിക്ക് ഒന്നരവർഷം തടവും 25,000 രൂപ പിഴയും ശിക്ഷ. ഒറ്റപ്പാലം കണ്ണിയംപുറം സ്വദേശി ഉണ്ണിക്കത്തൊടിവീട്ടിൽ കൃഷ്ണദാസിനാണ് (28) പട്ടാമ്പി എഫ്.ടി.എസ്.സി. ജഡ്ജി സതീഷ് കുമാർ ശിക്ഷവിധിച്ചത്.
2021-ലാണ് കേസിനാസ്പദമായ സംഭവം. മേയ് മുതൽ ഒക്ടോബർവരെയുള്ള കാലയളവിൽ കൃഷ്ണദാസ് പെൺകുട്ടിയെ നിരന്തരം ശല്യംചെയ്തിരുന്നതായി പ്രോസിക്യൂഷൻ പറയുന്നു. പ്രതി വിവാഹാഭ്യർഥന നടത്തിയപ്പോൾ പെൺകുട്ടി നിരസിക്കയായിരുന്നു. വീട്ടിൽ അതിക്രമിച്ചുകയറി ഭീഷണിമുഴക്കിയതോടെയാണ് ഒറ്റപ്പാലം പോലീസിൽ പരാതിനൽകിയത്.
അന്നത്തെ ഒറ്റപ്പാലം എസ്.ഐ. അനൂപ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം നടത്തി. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും ഒമ്പത് സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനായി അഡ്വ. നിഷ വിജയകുമാർ ഹാജരായി. പട്ടാമ്പി പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ എസ്. മഹേശ്വരി പ്രോസിക്യൂഷന് സഹായിയായി.