പെരുമ്പിലാവ്: ഓടിച്ചുനോക്കാനെടുത്ത ബൈക്കുമായി മുങ്ങിയ യുവാവ് വാഹനപരിശോധനയിൽ കുടുങ്ങി. ബൈക്ക് തട്ടിയെടുത്ത് ഒരു മാസത്തിന് ശേഷമാണ് അക്കിക്കാവിലെ വാഹനപരിശോധനയിൽ കുടുങ്ങിയത്.
വെള്ളറക്കാട് കൈതമാട്ടം ചിറളയത്ത് ഞാലിൽ വീട്ടിൽ അഭയ് കൃഷ്ണ (18) യെയാണ് എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
നേര്യമംഗലം മഠത്തുംപടി അജിത്താണ് അഭയ് കൃഷ്ണയുടെ ചതിയിൽപ്പെട്ടത്. 55,000 രൂപയോളം വിലയുള്ള ബൈക്ക് വിൽപ്പനയ്ക്കുണ്ടെന്ന് അജിത്ത് ഓൺലൈനിൽ പരസ്യം നൽകിയിരുന്നു. ഇത് കണ്ട അഭയ് കൃഷ്ണ അജിത്തിനോട് ബൈക്കുമായി അക്കിക്കാവിലെത്താൻ ആവശ്യപ്പെട്ടു.
ഇതനുസരിച്ച് ജൂൺ 13-ന് വൈകീട്ട് അക്കിക്കാവിലെത്തി. ഫോണിൽ വിളിക്കുമ്പോഴെല്ലാം ഇപ്പോൾ വരാമെന്ന മറുപടിയാണ് അഭയ് കൃഷ്ണ നൽകിയത്.
രാത്രി പതിനൊന്നര വരെ കാത്തുനിന്നാണ് ബൈക്ക് കാണാനെത്തിയത്.
ഓടിച്ചുനോക്കാനെന്നു പറഞ്ഞ് ബൈക്ക് കൊണ്ടുപോയി തിരിച്ചുവരാതിരുന്നപ്പോഴാണ് ചതിയാണെന്ന് മനസ്സിലായത്. പിന്നീട് കുന്നംകുളം പോലീസിൽ പരാതി നൽകി.
കഴിഞ്ഞദിവസം അക്കിക്കാവിൽ വാഹനപരിശോധനയ്ക്കിടെ സംശയം തോന്നി രേഖകൾ പരിശോധിച്ചതോടെ തട്ടിയെടുത്തതാണെന്ന് തിരിച്ചറിഞ്ഞു. വഞ്ചനക്കുറ്റത്തിന് നേരത്തെ പോലീസ് കേസെടുത്തിരുന്നു.
അഡീഷണൽ എസ്.ഐ.മാരായ മണികണ്ഠൻ, ഷക്കീർ അഹമ്മദ്, സുമേഷ്, സി.പി.ഒ.മാരായ നിബു നെപ്പോളിയൻ, ബിനീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.