കുറ്റിപ്പുറം: മുൻ മലപ്പുറം ഡി സി സി പ്രസിഡണ്ട് വി.എം കൊളക്കാട് അന്തരിച്ചു.
മലപ്പുറം ജില്ലയുടെ രാഷ്ട്രീയ ഭൂമികയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച, ആധുനിക കുറ്റിപ്പുറത്തിൻ്റെ ശിൽപ്പികളിൽ പ്രധാനിയായ, മലബാറിലെ കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ അതികായനായ നേതാവായിരുന്നു വി.എം കൊളക്കാട്
ദേശീയധാരയോടൊപ്പം അടിയുറച്ച് നിന്ന, നിലപാടുകളുടെ കരുത്ത് കൊണ്ട് തൻ്റെ വ്യക്തിമുദ്ര അടയാളപ്പെടുത്തിയ നേതാവായിരുന്നു.മതമൈത്രിക്കും സർവ്വ മത സാഹോദര്യത്തിനും വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിത്വമാണ് വി എം കൊളക്കാട്.
കുറ്റിപ്പുറത്തെ "കൊളക്കാട് " എന്ന ഗ്രാമത്തിൻ്റെ പേര് തന്നോടൊപ്പം ദേശാന്തര പ്രശസ്തമാക്കിയ ആ ധന്യ ജീവിതം നഷ്ടമാകുന്നത് പകരം വെക്കാനില്ലാത്ത ഓർമകൾ സമ്മാനിച്ചാണ്.
നാടക രംഗത്തും സാഹിത്യ സാംസ്ക്കാരിക രംഗത്തും രാഷ്ട്രീയ സാമുഹ്യ രംഗത്തും ഒരുപോലെ ശോഭിച്ച വി എം കൊളക്കാട് മികച്ച പ്രഭാഷകനും കർമനിരതനായ സംഘാടകനും ആയിരുന്നു:
മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡണ്ടായും KPCC മെമ്പറായും ദീർലകാലം പ്രവർത്തിച്ച അദ്ദേഹം ഖാദി വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡ് ചെയർമാനായുംBDC മെംബറായും ഔദ്യോഗിക പദവിയിൽ വിരാജിച്ചിട്ടുണ്ട്. കുറിപ്പുറം സർവീസ് സഹകരണ ബാങ്ക്, കുറ്റിപ്പുറം എലൈറ്റ് ലൈബ്രറി, എ എ മലയാളി സ്മാരക സമിതി, മഹാകവി ഇടശ്ശേരി അനുസ്മരണ സമിതി, തുടങ്ങി എണ്ണമറ്റ സാമുഹ്യ സാംസ്ക്കാരിക സംരംഭങ്ങളുടെ ഊർജ സ്രോതസ്സായിരുന്നു.
അർഹതക്കൊത്ത അംഗീകാരങ്ങൾ കിട്ടിയില്ല എന്ന് സഹപ്രവർത്തകർക്കും നാട്ടുകാർക്കും പരാതിയുള്ളപ്പോഴും അതൊന്നും കാര്യമാക്കാതെ തൻ്റെ കർമ വീഥിയിൽ അദ്ദേഹം പ്രവർത്തനനിരതനായിരുന്നു.