കുന്ദംകുളം സ്വദേശിയുടെ കെഎസ്ആര്‍ടിസി പകയുടെ കാരണം പുറത്ത് വിട്ട് പോലീസ്


 

തൃശൂര്‍: രാത്രികളില്‍ കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തെന്ന കേസില്‍ അറസ്റ്റിലായ കുന്നംകുളം സ്വദേശി യാനിയുടെ 'കെഎസ്ആര്‍ടിസി പക'യുടെ കാരണങ്ങള്‍ പുറത്തുവിട്ട് പൊലീസ്.

ഒരിക്കലൊരു കെഎസ്ആര്‍ടിസി ബസ് ലൈറ്റ് ഡിം ആക്കാത്തതും മറ്റൊരു ബസ് സൈഡും കൊടുക്കാതിരുന്നതോടെയുമാണ് യാനിക്ക് കെഎസ്ആര്‍ടിസി ബസുകളുടെ ചില്ല് തകര്‍ക്കാന്‍ 'പ്രേരണ'യായതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞദിവസമാണ് യാനിയെ പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നംകുളം- തൃശൂര്‍ റൂട്ടിലെ കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ പതിവായി കല്ലെറിഞ്ഞ് തകര്‍ക്കുന്നെന്ന പരാതി ഉയര്‍ന്നതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 

ഈ മാസം ഏഴിനും 13, 14 തീയതികളിലുമാണ് ബസുകള്‍ക്ക് നേരെ തുടര്‍ച്ചയായി കല്ലേറുണ്ടായത്. കല്ലേറില്‍ ബസുകളുടെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.

രാത്രി പന്ത്രണ്ടിനും പുലര്‍ച്ചെ മൂന്നരയ്ക്കും ഇടയിലായിരുന്നു കല്ലേറ് നടന്നത്. തുടര്‍ന്ന് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ്, ബൈക്കിലെത്തിയ ഒരാളാണ് കല്ലെറിയുന്നതെന്ന് സ്ഥിരീകരിച്ചു. 

ഈ അന്വേഷണത്തിലാണ് ബൈക്കിന്റെ ഉടമ യാനിയാണെന്ന് കണ്ടെത്തിയത്. ഈ ചോദ്യം ചെയ്യലിലാണ് 'കെഎസ്ആര്‍ടിസിയോടുള്ള പക'യുടെ കഥ യാനി വെളിപ്പെടുത്തിയത്.

മെഡിക്കല്‍ ഷോപ്പ് ഉടമയായ യാനി ലഹരിമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയാണെന്നും പൊലീസ് പറഞ്ഞു.

Below Post Ad