നല്ല അവസരം വന്നാൽ അഭിനയിക്കും ; മുഹമ്മദ് മുഹ്‌സിൻ എം.എൽഎ


 

പട്ടാമ്പി : ആദ്യമായി അഭിനയിച്ച തീ എന്ന സിനിമ തിയേറ്ററുകളിലെത്തിയതിന്റെ സന്തോഷം പങ്കുവച്ച് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ. താൻ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം  പറഞ്ഞു.

പട്ടാമ്പിയിലും കൊപ്പത്തുമുള്ള രണ്ടു തിയേറ്ററുകളിലും പോയി സിനിമ കണ്ടു. ഒരു പോസിറ്റീവ് വൈബുള്ള സിനിമയാണ്. കുടുംബചിത്രമാണ്. മാധ്യമപ്രവർത്തകരുടെ കഥയാണ് പറയുന്നത്. റൊമാൻസ് എല്ലാം അഭിനയിക്കുമ്പോൾ തുടക്കക്കാരന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പിന്നീട് പതിയെ ശരിയായി. ആദ്യമൊക്കെ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ സംവിധായകന്റെ പിന്തുണയുണ്ടായിരുന്നു. നല്ല അവസരം നന്നായി ഉപയോഗിച്ചു എന്ന് തന്നെയാണ് ഞാൻ കരുതുന്നത്.

കല ജീവിതത്തിന്റെ ഭാഗമാണ്, എം.എൽ.എയായി എപ്പോഴും ഇരിക്കാൻ സാധിക്കില്ല. സിനിമയിൽ നല്ല അവസരങ്ങൾ ലഭിച്ചാൽ ഇനിയും അഭിനയിക്കും- മുഹമ്മദ് മുഫ്സിൻ പറഞ്ഞു.

അനിൽ വി. നാഗേന്ദ്രൻ രചനയും സംവിധാനവും നിർവഹിക്കുന്ന റൊമാന്റിക് ആക്ഷൻ ത്രില്ലർ ചിത്രമാണ് തീ. യൂ ക്രിയേഷൻസ്, വിശാരദ് ക്രിയേഷൻസ് എന്നിവയുടെ ബാനറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 'വസന്തത്തിന്റെ കനൽവഴികളിൽ'എന്ന ചിത്രത്തിൽ തമിഴ് താരം സമുദ്രക്കനിക്കൊപ്പം നായകവേഷം ചെയ്ത ഋതേഷ് ചിത്രത്തിൽ വില്ലൻവേഷമാണ് ചെയ്യുന്നത്.

അന്താരാഷ്ട്രശൃംഖലകളുള്ള അധോലോക നായകനായി വിസ്മയപ്പെടുത്തുന്ന ഗെറ്റപ്പിൽ ഇന്ദ്രൻസും എത്തുന്നു. പ്രേംകുമാർ, വിനുമോഹൻ, രമേഷ് പിഷാരടി, അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം, പ്രസാദ് കണ്ണൻ, വി.കെ.ബൈജു, പയ്യൻസ് ജയകുമാർ, ജോസഫ് വിൽസൺ, കോബ്ര രാജേഷ്, സോണിയ മൽഹാർ, രശ്മി അനിൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


Below Post Ad