പട്ടാമ്പി: ഭാരത് ജോഡോ യാത്രയ്ക്കെത്തിയ രാഹുൽ ഗാന്ധിക്ക് പ്രഭാത ഭക്ഷണം നൽകാനായ സന്തോഷം പങ്കുവെച്ച് പട്ടാമ്പി വാടാനാംകുറുശ്ശി നമ്പൂതിരിസ് ലഞ്ച് ബെഞ്ച് ഹോട്ടൽ ഉടമ മനിശ്ശേരി സ്വദേശി വിക്രമൻ നമ്പൂതിരി.
പാലക്കാട് ജില്ലയിലെ പദയാത്ര തുടരുന്നതിനിടയിൽ വാടാനാംകുറുശ്ശി വില്ലേജ് സ്റ്റോപ്പിലെ ലഞ്ച് ബെഞ്ച് ഹോട്ടലിൽ നിന്നാണ് രാഹുലും നേതാക്കളും ചായ കുടിച്ചത്.
രാവിലെ കടയിലേക്ക് തമിഴ്നാട്ടിൽ നിന്നുള്ള ഒരു വിഐപി വരുമെന്ന് അറിയിച്ച് ഉദ്യോഗസ്ഥർ ഇവിടേക്കെത്തിയിരുന്നു. പിന്നീടാണ് രാഹുൽ ഗാന്ധിയാണ് വരുന്നതെന്ന് അറിയിച്ചത്. ഇതോടെ ചാക്കക്കട സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായി.
ചായയും നാടൻ കടികളും ഒരുക്കി വിക്രമൻ നമ്പൂതിരി രാഹുലിൻ്റെ വരവിനായി കാത്തിരുന്നു.കാലത്ത് എട്ട് മണിയോടെ ഭാരത് ജോഡോ യാത്ര വാടാനാംകുറുശ്ശിയിലെത്തി. കടയിലെത്തിയ രാഹുൽ കാപ്പിയും ബ്രെഡും കഴിച്ചാണ് മടങ്ങിയത്.
രാഹുൽ ഗാന്ധിക്കും നാൽപതോളം നേതാക്കൾക്കും നല്ലൊരു പ്രാതൽ ഭക്ഷണം നൽകാനായ സന്തോഷത്തിലാണ് ലഞ്ച് ബെഞ്ച് ഉടമ വിക്രമൻ നമ്പൂതിരി.