തിരുവനന്തപുരം: ഭാരത് ജോഡോ യാത്ര ഞായറാഴ്ച കേരളത്തിൽ. യാത്രയുടെ ഒന്നാം ദിവസം പാറശാലയിൽ രാവിലെ ഏഴിന് പദയാത്ര ആരംഭിക്കുന്നുമെന്ന് മീഡിയ കമ്മിറ്റി ചെയർമാൻ വി.ടി. ബൽറാമും കൺവീനർ കെ. ജയന്തും അറിയിച്ചു.
കെ.പി.സി.സി, ഡി.സി.സി നേതാക്കളും ജനപ്രതിനിധികളും ചേർന്ന് രാഹുൽ ഗാന്ധിയേയും പദയാത്രികരേയും സ്വീകരിക്കും.
മഹാത്മാഗാന്ധിയുടേയും കെ. കാമരാജിന്റേയും പ്രതിമകൾക്ക് മുൻപിൽ രാഹുൽഗാന്ധി ആദരവ് അർപ്പിക്കും. രാവിലെ 10ന് ഊരൂട്ടുകാല മാധവി മന്ദിരത്തിൽ പദയാത്രികർ എത്തിച്ചേരും.
ഉച്ചക്ക് രണ്ടിന് നെയ്യാറ്റിൻകരയിലെ പരമ്പരാഗത കൈത്തറി നെയ്ത്തുതൊഴിലാളികളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും. തുടർന്ന് മാധവി മന്ദിരത്തിലെ ഗാന്ധി മ്യൂസിയവും സന്ദർശിക്കും.
വൈകീട്ട് നാലിന് മൂന്നുകല്ലിൻമൂട് നിന്ന് പദയാത്ര പുന:രാരംഭിക്കും. യാത്രാമധ്യേ നിംസ് ആശുപത്രിക്ക് സമീപം ഭാരത് ജോഡോ യാത്രയെ അടയാളപ്പെടുത്തുന്ന സ്തൂപം അനാച്ഛാദനം ചെയ്യും.
രാത്രി ഏഴിന് പദയാത്ര നേമത്ത് സമാപിക്കും. സമാപന സമ്മേളനത്തിൽ കോൺഗ്രസിന്റെ അഖിലേന്ത്യാ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും.