തിരുവേഗപ്പുറ: പാലക്കാട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന തിരുവേഗപ്പുറ പാലത്തിലെ അറ്റകുറ്റപ്പണിയുടെ ഭാഗമായി നവംബർ ഒന്നുമുതൽ 20വരെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കും. പാലത്തിന്റെ അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തിയാക്കാൻ മന്ത്രി മുഹമ്മദ് റിയാസ് നിർദേശം നൽകിയതിനെത്തുടർന്നാണ് ഗതാഗതം നിരോധിച്ചുള്ള നിർമാണപ്രവൃത്തി നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് തിരുവേഗപ്പുറ പഞ്ചായത്തിനും കൊപ്പം പോലീസിലും പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അറിയിപ്പുനൽകി.
മൂന്നുമാസംകൊണ്ട് അറ്റകുറ്റപ്പണി പൂർത്തിയാക്കുമെന്ന് അറിയിച്ച് 2021 മേയ് മാസത്തിലാണ് പ്രവൃത്തി തുടങ്ങിയത്. എന്നാൽ, മാസങ്ങളോളം പാലം അടച്ചിടാൻ സാധ്യമാവാത്ത സാഹചര്യത്തിൽ മൂന്നുഘട്ടമായി പ്രവൃത്തി നടത്താൻ തീരുമാനിക്കയായിരുന്നു. മൂന്നാംഘട്ട പ്രവൃത്തിയാണ് ഒന്നുമുതൽ ആരംഭിക്കുന്നത്.
1962-ൽ നിർമിച്ച പാലത്തിൽ വർഷങ്ങളായി യാതൊരുവിധ അറ്റകുറ്റപ്പണിയും നടത്തിയിരുന്നില്ല. പാലത്തിന്റെ ശോച്യാവസ്ഥയെക്കുറിച്ച് മാതൃഭൂമി വാർത്ത നൽകിയിരുന്നു. തുടർന്നാണ് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ.യുടെ ഇടപെടലിൽ സർക്കാർ 90 ലക്ഷംരൂപ അറ്റകുറ്റപ്പണിക്കായി അനുവദിച്ചത്. 2020-ൽ ഫണ്ട് ലഭ്യമായെങ്കിലും പ്രവൃത്തി തുടങ്ങാൻ കാലതാമസം നേരിടുകയായിരുന്നു.
ഇനി പാലത്തിനുമുകളിലെ റോഡിലെ റബ്ബറൈസിങ്, കോൺക്രീറ്റ് തകർന്നത് പുനഃസ്ഥാപിക്കൽ, പെയിന്റിങ് ഉൾപ്പെടെയുള്ള പ്രവൃത്തിയാണ് നടപ്പാക്കാനുള്ളതെന്ന് പൊതുമരാമത്ത് വകുപ്പ് പാലംവിഭാഗം തിരൂർ അസിസ്റ്റന്റ് എൻജിനിയർ പി. മൊയ്തീൻകുട്ടി പറഞ്ഞു. വളാഞ്ചേരി ഭാഗത്തുനിന്ന് കൊപ്പം ഭാഗത്തേക്കുവരുന്ന വാഹനങ്ങൾ വെങ്ങാട്-മൂർക്കനാട് പാലം എടപ്പലം, വിളയൂർവഴി സഞ്ചരിക്കണം.
എന്നാൽ തിരുവേഗപ്പുറപ്പാലത്തിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി നവംബർ ഒന്നുമുതലുള്ള ഗതാഗതനിരോധനം അനുവദിക്കാനാകില്ലെന്ന് തിരുവേഗപ്പുറ പഞ്ചായത്ത് പ്രസിഡന്റ് എം.ടി. മുഹമ്മദലി.
ഇക്കാര്യം പൊതുമരാമത്തുവകുപ്പ് പാലം വിഭാഗം എക്സി. എൻജിനിയറെ അറിയിച്ചു. വിദ്യാർഥികളടക്കമുള്ളവരെ ഗതാഗതനിരോധനം ദുരിതത്തിലാക്കും. ഭാഗികമായി നിയന്ത്രണമോ രാത്രികാലങ്ങളിൽ പ്രവൃത്തികൾ നടത്താനോ ആവശ്യമായ നടപടിയുണ്ടാകണമെന്നും പ്രസിഡണ്ട് ആവശ്യപ്പെട്ടു.