അതുല്യം ഈ വിജയം; തുല്യതാ പരീക്ഷയില്‍ മിന്നും ജയവുമായി പരുതൂർ പഞ്ചായത്ത് മെമ്പര്‍


 തൃത്താല : പത്താം ക്ലാസ് തുല്യതാ പരീക്ഷയില്‍ മിന്നും ജയവുമായി പഞ്ചായത്ത് മെമ്പര്‍. പരുതൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് മെമ്പര്‍ മുസ്ലിം ലീഗിലെ അനിതാ രാമചന്ദ്രനാണ് തുല്യതാ പഠനത്തിലൂടെ പത്താം ക്ലാസ് പാസ്സായിരിക്കുന്നത്.


1997 ല്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയെങ്കിലും പരാജയ.പ്പെട്ടിരുന്നു. തൊട്ടടുത്ത വര്‍ഷം വിവാഹവും നടന്നതോടെ എസ്.എസ്.എല്‍.സി വീണ്ടുമെഴുതി ജയിക്കണമെന്ന ആഗ്രഹവും നടന്നില്ല.

വര്‍ഷങ്ങള്‍ കഴിഞ്ഞ് മുസ്്‌ലിം ലീഗിലും ദളിത് ലീഗിലും സജീവമാകുകയും പൊതുരംഗത്ത് പ്രവര്‍ത്തനം ആരംഭിക്കുകയം ചെയ്തു. 2020 ല്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് വേണ്ടി മത്സരിക്കുകയും ചെയ്തു. 465 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു.

 പഞ്ചായത്ത് ഓഫീസിലും ജനസേവനത്തിന്റെ ഭാഗമായി മറ്റു ഓഫീസുകളിലുമൊക്കെ കയറി ഇറങ്ങേണ്ടി വന്നതോടെ കൂടുതല്‍ ഫഠിക്കേണ്ടത് അനിവാര്യമാണെന്ന ഘട്ടമെത്തി. ഇതോടെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതണമെന്നും വീണ്ടും പഠിക്കണമെന്നുമുള്ള ആ മോഹം ഉണര്‍ന്നു. അങ്ങനെ പത്താം ക്ലാസ് തുല്യതാ പഠനത്തിന് തയ്യാറായി. 30 സഹപാഠികള്‍ക്കൊപ്പം പഠിച്ചു. അവരുടെ ലീഡറുമായി.


ജനസേവനത്തിനിടെ രാത്രിയിലാണ് പഠിക്കാന്‍ അധികവും സമയം കണ്ടെത്തിയത്. ഭര്‍ത്താവ് സജീവ മുസ്്‌ലിംലീഗ് നേതാവും ദലിത് ലീഗ് ജില്ലാ സെക്രട്ടറിയുമായ രാമചന്ദ്രന്‍ എന്ന പൊന്നു പിന്തുണയുമായി കൂടെക്കൂടി. രാത്രിയുള്ള പഠനത്തിന് കൂട്ടിരുന്നു.

അങ്ങനെ  25 വര്‍ഷത്തിനിപ്പുറം എസ്.എസ്.എല്‍.സി പരീക്ഷയില്‍ അനിത ജയിച്ചു. ഒരു എ പ്ലസും, നാല് എ, രണ്ട് ബി പ്ലസ് ഗ്രേഡും നേടിയാണ് ജയിച്ചത്. സഹപാഠികളില്‍ എട്ടു പേരൊഴികെ ബാക്കിയെല്ലാവരും ജയിച്ചതിന്റെ സന്തോഷവും ഇരട്ടി മധുരമായി അനിതക്ക്.

തുല്യതാ പഠനത്തിനൊപ്പം കമ്പ്യൂട്ടര്‍ പഠനവും നടത്തുന്നുണ്ട് മെമ്പര്‍ അനിത. ഇനി പ്ലസ്ടു ജയിക്കണം, ഡിഗ്രി പഠിക്കണം പറ്റാവുന്നത്ര പഠിക്കണം. അതാണ് അനിതയുടെ മോഹം. അനിതക്ക് രണ്ട് മക്കളുണ്ട്. മകള്‍ രാഗിത വിവാഹിതയാണ്, മകന്‍ രാഹുല്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.


Tags

Below Post Ad