തൃശൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 54 ലക്ഷത്തിന്റെ സ്വര്‍ണ ക്യാപ്സ്യൂളുകളുമായി യുവാവ് പിടിയില്‍


 

തൃശ്ശൂര്‍: 54 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ ക്യാപ്സ്യൂളുകളുമായി യുവാവ് പിടിയില്‍. മലപ്പുറം വേങ്ങാട് ഏറാടത്തൊടി വീട്ടില്‍ ഇ ടി മണികണ്ഠനാണ്(35) അറസ്റ്റിലായത്.

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് യുവാവിനെ റെയില്‍വെ സംരക്ഷണ സേന ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് പിടികൂടിയത്. 1.04 കിലോ വരുന്ന സ്വര്‍ണത്തെ നാല് ക്യാപ്സ്യൂളുകളാക്കി അരയില്‍ കെട്ടിയ ബെല്‍റ്റില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ഇയാള്‍.

സുഹൃത്തായ രതീഷ് മറ്റൊരാള്‍ക്ക് കൈമാറാന്‍ ഏല്‍പ്പിച്ചതാണ് സ്വര്‍ണ മിശ്രിതമെന്ന് യുവാവ് പറഞ്ഞു. സ്വര്‍ണത്തിന്റെ ബില്ലുകള്‍ അടക്കമുള്ള രേഖകളൊന്നും ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നില്ല.

അനധികൃതമായി സ്വര്‍ണവും വെള്ളിയും കടത്തുന്നത് തടയുന്നതിനായുള്ള റെയില്‍വേയുടെ രഹസ്യ നിരീക്ഷണമായ ഓപ്പറേഷന്‍ സതാര്‍ക് നടക്കുന്നതിനിടെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ആര്‍ പി എഫ് ഓഫീസിന് അടുത്ത് വെച്ചാണ് യുവാവിനെ പിടികൂടിയത്.

തൃശ്ശൂര്‍ റെയില്‍വെ സംരക്ഷണ സേനയിലെ സബ് ഇന്‍സ്പെക്ടര്‍ അജയ്കുമാര്‍, എഎസ്ഐ സിജോ സേവിയര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ എം ബി ബിനു, കോണ്‍സ്റ്റബിള്‍മാരായ ജി വിപിന്‍, എസ് വി ജോസ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

തുടര്‍ന്ന് സേന കസ്റ്റംസിനെ വിവരം അറിയിക്കുകയും കസ്റ്റംസ് ഇയാള കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

Below Post Ad