തൃശ്ശൂർ: പുലർച്ചെ വീട്ടുവളപ്പിൽ കടന്ന് വീട്ടമ്മയുടെ മാല പൊട്ടിച്ചു. മോഷണം ചെറുക്കാനും കള്ളന്റെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാനുമുള്ള ശ്രമത്തിനിടെ വീട്ടമ്മ മോഷ്ടാവിന്റെ കൈവിരൽ കടിച്ചുമുറിച്ചു. തൃശ്ശൂർ തിരൂരിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.
തിരൂർ ആലപ്പാടൻ വീട്ടിൽ ജോഷിയുടെ ഭാര്യ സീമയുടെ രണ്ടുപവന്റെ മാലയാണ് മോഷ്ടാവ് കവർന്നത്.
പുലർച്ചെ അഞ്ചരയോടെ അടുക്കളയോട് ചേർന്ന് വർക്ക് ഏരിയയിൽ ചക്ക നന്നാക്കുകയായിരുന്നു സീമ. ഇതിനിടെയാണ് കള്ളൻ എത്തി കഴുത്തിൽ പിടിച്ചത്. തുടർന്ന് മാല പൊട്ടിക്കാൻ ശ്രമിച്ചതോടെ വീട്ടമ്മ ചെറുക്കാൻ ശ്രമിച്ചു.
മോഷ്ടാവിന്റെ വിരലിൽ കടിക്കുകയും ചെയ്തു. എന്നാൽ വീട്ടമ്മയെ തള്ളിമാറ്റി കള്ളൻ ഓടിരക്ഷപ്പെടുകയായിരുന്നു.
ആക്രമണത്തിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മോഷ്ടാവിന്റെ വിരൽകടിച്ചതോടെ വീട്ടമ്മയുടെ ഒരു പല്ല് അടർന്നുവീണിരുന്നു. വായിലാകെ ചോരയുമായി ഇവർ കള്ളന്റെ പിറകെ അല്പദൂരം ഓടിയെങ്കിലും പിടികൂടാനായില്ല.
പിന്നാലെ വീട്ടമ്മയുടെ കരച്ചിൽ കേട്ടെത്തിയതോടെയാണ് വീട്ടിലുള്ള മറ്റുള്ളവരും സമീപവാസികളും സംഭവമറിഞ്ഞത്. വിവരമറിഞ്ഞെത്തിയ പോലീസും ഫൊറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.
കള്ളനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.