കൊപ്പം: മണവാട്ടിയായി പഞ്ചായത്ത് പ്രസിഡന്റ് വേദിയിലെത്തിയപ്പോൾ കാണികൾ കൈയടിച്ചു. വിളയൂർ പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി നടന്ന ‘സ്നേഹസംഗമ’ത്തിൽ അവതരിപ്പിച്ച ഒപ്പനയിലാണ് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ബേബി ഗിരിജ മണവാട്ടിയുടെ വേഷമിട്ടത്.
ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ്. സരിതയും കുടുംബശ്രീ, ആശാ പ്രവർത്തകരുമടങ്ങിയ ടീമാണ് ഒപ്പമുണ്ടായിരുന്നത്. ആഘോഷങ്ങളിലും എല്ലാവരെയും ചേർത്തുപിടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മണവാട്ടിയുടെ വേഷമിട്ടെത്തിയതെന്ന് പ്രസിഡന്റ് സൂചിപ്പിച്ചു.
പഞ്ചായത്തിലെ പാലിയേറ്റീവ് സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു രോഗികളെയും ഭിന്നശേഷിക്കാരെയും പങ്കെടുപ്പിച്ചുകൊണ്ട് ‘സ്നേഹസംഗമം’ ഒരുക്കിയത്. മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു.
പ്രദീപ് കൂറ്റനാട് മുഖ്യപ്രഭാഷണം നടത്തി. ഡോ. സിദ്ധീഖ്, വി.എൻ. കൃഷ്ണമൂർത്തി, കെ.പി. നൗഫൽ, ഫെബിന അസ്ബി, രാജി മണികണ്ഠൻ, രാജൻ പുന്നശ്ശേരി, ടി. ഷാജി, നീലടി സുധാകരൻ തുടങ്ങിയവരും സംസാരിച്ചു.